തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചെന്നും ഈ മാസം മുതല്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവില്‍ 30:70 അനുപാതത്തിലാണു വിതരണം. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്കു പച്ചരി കുറവാണ്. വെള്ള കാര്‍ഡുകാര്‍ക്ക് പലപ്പോഴും കിട്ടാത്ത സ്ഥിതിയുമുണ്ട്. കിറ്റ് വിതരണം ഉണ്ടായിരുന്നപ്പോള്‍ 93% വരെ വെള്ള കാര്‍ഡ് ഉടമകള്‍ റേഷന്‍ കടകളില്‍ എത്തിയിരുന്നെങ്കില്‍, കഴിഞ്ഞ മാസം അത് 62.7% ആയി. കേരളത്തിനു കൂടുതല്‍ പ്രിയങ്കരമായ ആന്ധ്ര ജയ, സുരേഖ, ബോണ്ടാലു തുടങ്ങിയ അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കാനും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ധാരണയായി. നിലവില്‍ പഞ്ചാബില്‍ നിന്നും മറ്റുമുള്ള സോണാ മസൂരി ആണു കൂടുതലായി ലഭിക്കുന്നത്.
വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 10 കിലോ അരി ലഭിക്കും. ഇവര്‍ക്കു സാധാരണയുള്ള അരി വിഹിതം കഴിഞ്ഞ മാസത്തെ 5 കിലോയില്‍ നിന്ന് 7 ആക്കി. കിലോയ്ക്ക് 10.90 രൂപ ആണ് നിരക്ക്. ബാക്കി 3 കിലോ 15 രൂപയ്ക്കാകും നല്‍കുക. നീല കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 3 കിലോ അരി 15 രൂപ നിരക്കില്‍ അധികമായി നല്‍കും. ക്രിസ്മസ് പ്രമാണിച്ച് അധികമായി അനുവദിച്ച അര ലീറ്റര്‍ മണ്ണെണ്ണ മാര്‍ച്ച് 31 വരെ ലഭിക്കും.