കൊച്ചി : കൃഷി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്കു പതിച്ചു നൽകിയ പട്ടയ ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയാൽ തിരിച്ചെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചട്ട വ്യവസ്ഥകൾ ലംഘിച്ചെന്നു ബോധ്യപ്പെട്ടാൽ ഭൂമി പതിച്ചു നൽകിയതും പട്ടയം അനുവദിച്ചതും റദ്ദാക്കാൻ റവന്യു അധികാരികൾക്ക് 1964 ലെ കേരള ഭൂ പതിവു ചട്ടപ്രകാരം കഴിയുമെന്നു കോടതി വ്യക്തമാക്കി.നിയമ പ്രശ്നത്തിനു വ്യക്തത തേടി റഫർ ചെയ്ത ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പട്ടയ വ്യവസ്ഥ ലംഘിച്ചതിനു ക്വാറികൾക്കും പെട്രോൾ പമ്പുകൾക്കും റിസോർട്ടുകൾക്കും എതിരെ റവന്യു അധികൃതർ നടപടിയെടുത്തതിനെ ചോദ്യം ചെയ്ത് ഉടമകൾ കോടതിയിലെത്തി. ചില കേസുകളിൽ കോടതിയുടെ ഇടപെടൽ ചോദ്യം ചെയ്തു സർക്കാരും അപ്പീൽ നൽകി. റവന്യു അധികൃതരുടെ നടപടിയിൽ അപാകതയില്ലെന്നു പറഞ്ഞ ഡിവിഷൻ ബെഞ്ച് ഭൂ ഉടമകളുടെ ഹർജികൾ തള്ളി, സർക്കാരിന്റെ അപ്പീൽ അനുവദിച്ചു. റിസോർട്ടിന്റെ ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നടപടി സിംഗിൾ ബെഞ്ച് ശരിവച്ചതിനെതിരെ മൂന്നാർ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്സ് നൽകിയ അപ്പീലും തള്ളി.ചട്ടം ലംഘിച്ചുള്ള പ്രവർത്തനങ്ങൾ തടയാനോ സ്റ്റോപ്പ് മെമ്മോ നൽകാനോ കലക്ടർ/ തഹസിൽദാർക്ക് അധികാരമില്ലെന്നുള്ള ഹർജിക്കാരുടെ വാദം കോടതി തള്ളി.
ഭൂമി പതിച്ചു നൽകാനുള്ള അധികാരത്തിനൊപ്പം ചട്ടലംഘനം കണ്ടാൽ അതു റദ്ദാക്കി തിരിച്ചെടുക്കാനുള്ള അധികാരവും ഉണ്ടെന്നു കോടതി പറഞ്ഞു. പരിസ്ഥിതി, വനം, വന്യജീവി സംരക്ഷണം ഉറപ്പാക്കാൻ ഭരണഘടനയുടെ പാർട്ട്–4 പ്രകാരം സർക്കാരിനു കടമയുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്റ്റോപ് മെമ്മോ നൽകുന്നതിനു മുൻപു നോട്ടിസ് നൽകിയില്ലെന്നു ക്വാറി ഉടമകളും മറ്റും വാദിച്ചെങ്കിലും ഇത്തരത്തിൽ നോട്ടിസ് നൽകണമെന്നു കേരള ഭൂ പതിവു ചട്ടത്തിൽ പറയുന്നില്ലെന്നു സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു.
പട്ടയ വ്യവസ്ഥകളും ഭൂ പതിവു ചട്ടങ്ങളും ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടർന്നാണു ക്വാറികൾക്കു സ്റ്റോപ്പ് മെമ്മോ നൽകിയതെന്നു പറഞ്ഞ് കോടതി ഹർജികൾ തള്ളി. പട്ടയ ഭൂമിയിലെ ക്വാറി പ്രവർത്തനങ്ങൾ തടയാൻ തഹസിൽദാരോ കലക്ടറോ സ്വീകരിച്ച നടപടികൾ നിയമപരമാണ്. നടപടി നേരിടുന്ന ക്വാറിയുടമകൾ ഒരുമാസത്തിനകം തങ്ങളുടെ വിശദീകരണം അധികൃതരെ അറിയിക്കണം. ഭൂമി തിരിച്ചെടുത്ത ശേഷം, ബന്ധപ്പെട്ട ചട്ട വ്യവസ്ഥകളിൽ സർക്കാർ ഏതെങ്കിലും തരത്തിൽ ഇളവു വരുത്തിയാൽ വീണ്ടും അപേക്ഷിക്കാൻ ക്വാറിയുടമകൾക്കു തടസ്സമില്ല. അത്തരം അപേക്ഷകൾ അധികൃതർ നിയമപ്രകാരം പരിഗണിക്കണമെന്നും നിർദേശിച്ചു.സിംഗിൾ ബെഞ്ചിന്റെ പ്രതികൂല ഉത്തരവിനെതിരെയാണു മഹീന്ദ്ര ഹോളിഡേയ്സ് അപ്പീൽ നൽകിയത്. റിസോർട്ട് സ്ഥാപിച്ചതു ചട്ടലംഘനമാണെന്നു കണ്ടാണു ദേവികുളം സബ് കലക്ടർ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാൻ നടപടി തുടങ്ങിയത്. നടപടിയിൽ തെറ്റില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.