കോഴിക്കോട് : ഗവ.ചില്‍ഡ്രന്‍സ് (ഗേള്‍സ്) ഹോമില്‍നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. ചേവായൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ സജി, സിവില്‍ പോലീസ് ഓഫിസര്‍ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷല്‍ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നാണ് കണ്ടെത്തല്‍. കൊല്ലം കണ്ണനല്ലൂര്‍ കാര്‍ത്തികയില്‍ ടോം തോമസ് (26), കൊടുങ്ങല്ലൂര്‍ ചെറാടി വീട്ടില്‍ ഫെബിന്‍ റാഫി (26) എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. ഫെബിന്‍ റാഫിയാണു പോലീസ് സ്റ്റേഷനില്‍നിന്നു ചാടിപ്പോയത്. മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന കഴിഞ്ഞു സ്റ്റേഷനില്‍ തിരിച്ചെത്തി മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകാനുള്ള ഒരുക്കം നടക്കുന്നതിനിടെയാണു ഫെബിന്‍ ഓടിപ്പോയത്. എന്നാല്‍ ഒരു മണിക്കൂറിനകം ഇയാളെ പിടികൂടി.
26നു വൈകിട്ട് ഗേള്‍സ് ഹോമില്‍നിന്നു കടന്നുകളഞ്ഞ 6 പെണ്‍കുട്ടികള്‍ ബെംഗളൂരുവിലേക്കു പോയ ട്രെയിനില്‍ ടോം തോമസും ഫെബിന്‍ റാഫിയും ഉണ്ടായിരുന്നു. ഗോവയിലേക്കു പോകുകയാണെന്നും ബാഗ് നഷ്ടപ്പെട്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ ഇവര്‍ സഹായം വാഗ്ദാനം ചെയ്തു. പെണ്‍കുട്ടികളെ ബസില്‍ മഡിവാളയിലേക്കു കയറ്റിവിട്ട ശേഷം ഇരുവരും ബൈക്കില്‍ പിന്തുടര്‍ന്നു. മഡിവാളയില്‍ ഒരു ഫ്‌ലാറ്റില്‍ എത്തിച്ചു. പെണ്‍കുട്ടികളില്‍ ഒരാളെ ടോം തോമസും ഫെബിനും ചേര്‍ന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റു കുട്ടികള്‍ തടഞ്ഞു. തുടര്‍ന്നു നാട്ടുകാര്‍ പിടിച്ചുവച്ച പെണ്‍കുട്ടിയെയും ടോം തോമസ്, ഫെബിന്‍ റാഫി എന്നിവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ നിരപരാധികളാണെന്നും പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ മൊഴി പ്രകാരമാണു കേസെടുത്തതെന്ന പൊലീസ് വാദം ശരിയല്ലെന്നാണ് ഇവര്‍ പറയുന്നത്.