ദില്ലി: ട്രേഡ്മാർക്ക് നിയമം ലംഘിച്ച് വ്യാപാരം നടത്തിയതിന് സുഗന്ധവ്യഞ്ജന നിർമ്മാതാക്കളോട് 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ദില്ലി ഹൈക്കോടതി ഉത്തരവ്. നിരോധന ഉത്തരവുണ്ടായിട്ടും പരാതിക്കാരായ കമ്പനിയുടെ ബ്രാൻഡിന്റെ പേരിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തിയ സംഭവത്തിലാണ് ജസ്റ്റിസ് പ്രതിഭ എം സിംഗ് പിഴയടയ്ക്കാൻ ഉത്തരവിട്ടത്. പ്രതിക്ക്കർശനമായ ശിക്ഷ നൽകാനാണ് തീരുമാനിച്ചതെന്നും എന്നാൽ ഖേദപ്രകടനവും നിരുപാധികമായ ക്ഷമാപണവും കണക്കിലെടുത്ത് പിഴ ശിക്ഷ മാത്രമാണ് വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
മൊത്തം 75 ലക്ഷം രൂപ പിഴയാണ് വിധിച്ചത്. പ്രതികൾ 30 ലക്ഷം രൂപ പരാതിക്കാരുടെ കോടതി ചെലവായും ഫീസായും അടയ്ക്കണം. പുറമെ, 2022 നവംബർ 15-നോ അതിനുമുമ്പോ 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കണം. 2023 ജനുവരി 15നകം 20 ലക്ഷം രൂപ രജിസ്ട്രാർ ജനറലിന്റെ പക്കൽ അടയ്ക്കണം. ഈ തുക ഓട്ടോ-റിന്യൂവൽ മോഡിൽ സ്ഥിരനിക്ഷേപമായി സൂക്ഷിക്കുമെന്നും കോടതി അറിയിച്ചു. ലോക്കൽ കമ്മീഷണർ പിടിച്ചെടുത്ത ഉൽപന്നങ്ങൾ ഗുരുദ്വാര റക്കാബ് ഗഞ്ച് സാഹിബിനും നിസാമുദ്ദീൻ ദർഗയ്ക്കും സംഭാവന നൽകിയതിനാൽ പ്രതിക്ക് ഇതിനകം നാല് കോടിയുടെ നഷ്ടമുണ്ടായെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരുടെ കമ്പനിയുടെ ചിഹ്നത്തിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രതിയെ കോടതി വിലക്കിയിരുന്നു. എന്നാൽ, പ്രതി വിൽപന തുടർന്നെന്നും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ പരസ്യം ചെയ്തെന്നും പരാതിക്കാർ കോടതിയെ ബോധിപ്പിച്ചു. പ്രതികൾ നിരുപാധികം മാപ്പ് പറയുകയും തങ്ങളുടെ വ്യാപാര നാമവും ലേബലുകളും മാറ്റാൻ തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. പ്രതികൾ അവരുടെ സുഗന്ധദ്രവ്യങ്ങൾക്ക് മറ്റൊരു പേരും ലേബലും ഉപയോഗിക്കണമെന്നും പാക്കേജിംഗിന്റെ നിറം മാറ്റണമെന്നും കോടതി നിർദ്ദേശിച്ചു.