ന്യൂഡൽഹി: കോടതി ഉത്തരവിനു പിന്നാലെ സേവന കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഡൽഹി സർക്കാരിന് തിരികെ നൽകി ലഫ്റ്റനന്റ് ഗവർണർ. ലഫ്റ്റനന്റ് ഗവർണറുടെ അധികാരപരിധിയിൽ വരുന്ന ഭൂമി, പൊലീസ്, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെ, സേവന വകുപ്പിന്റെ കാര്യങ്ങളിൽ ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിയമനിർമ്മാണ, എക്സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്ന് വ്യാഴാഴ്ച സുപ്രീം കോടതി ഉത്തരവിട്ടുരുന്നു.
മെയ് 11 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിക്ക് അനുസൃതമായി ലഫ്റ്റനന്‍റ് സെക്രട്ടേറിയറ്റ്, സേവന കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ആവശ്യമായ നടപടികൾക്കായി സർക്കാരിന് തിരികെ നൽകിയതായി രാജ് നിവാസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവിധ ഡൽഹി സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കരാർ കാലാവധി നീട്ടുന്നതിനും ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെ ഒരു കൂട്ടം സ്റ്റാഫിന്റെ രാജി സ്വീകരിക്കുന്നതിനുമുള്ള നിർദേശങ്ങൾ ഈ ഫയലുകളിൽ ഉൾപ്പെടും. ഇവ ലഫ്റ്റനന്റ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചതായിരുന്നു.