മൂന്ന് പെണ്‍കുട്ടികളായിരുന്നു അയാള്‍ക്ക്. ഒരാണ്‍കുട്ടി ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയുമായി നടക്കുന്ന സമയത്താണ് ഒരു മന്ത്രവാദി അക്കാര്യം പറഞ്ഞത്, ആണ്‍കുട്ടി ഉണ്ടാവാന്‍ ദേവിക്ക് ഒരു ചെറുപ്പക്കാരനെ ബലി നല്‍കിയാല്‍ മതി. അങ്ങനെ അയാള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്നു. അതിനു പിന്നാലെ, അയാളൊരു ചെറുപ്പക്കാരനെ ദേവീക്ഷേത്രത്തിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിനു മുന്നില്‍വെച്ച് കഴുത്തറുത്തു കൊന്നു.
മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. രേവ ജില്ലയിലെ ബൈകുന്ദ്പൂരിനടുത്തുള്ള ഒരു ഉള്‍ഗ്രാമത്തിലെ 32-കാരനായ രാം ലാല്‍ പ്രജാപതിയാണ് 19 വയസ്സുള്ള ദിവ്യാംശ് കോല്‍ എന്ന ചെറുപ്പക്കാരനെ ദേവിക്ക് ബലി നല്‍കിയത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു രാം ലാല്‍.
കഴിഞ്ഞ ദിവസമാണ് ഗ്രാമത്തിലെ വിജനമായ സ്ഥലത്തുള്ള ദേവീക്ഷേത്രത്തില്‍ ഒരു ചെറുപ്പക്കാരന്റെ മൃതദേഹം കാണപ്പെട്ടത്. കഴുത്തറുത്ത നിലയില്‍ ചോരയില്‍ കുളിച്ചുകിടന്ന ചെറുപ്പക്കാരനെ പിറ്റേന്നാണ് തിരിച്ചറിഞ്ഞത്. സമീപ ഗ്രാമത്തിലുള്ള ദിവ്യാംശ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാംലാല്‍ പിടിയിലായത്. സംഭവം നടന്ന ദിവസം ദിവ്യാംശിനോടൊപ്പം ഇയാളെ കണ്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രാംലാലിനെ പിടികൂടിയത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ പരസ്പര വിരുദ്ധമായി സംസാരിച്ച രാംലാല്‍ അധികം വൈകാതെ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
പൊലീസ് പറയുന്നത്: മൂന്ന് പെണ്‍കുട്ടികളുള്ള തനിക്ക് ഒരാണ്‍കുട്ടി േവണമെന്ന കലശലായ ആഗ്രഹമുണ്ടായിരുന്നതായി രാംലാല്‍ പറഞ്ഞു. ആണ്‍കുട്ടിക്കു വേണ്ടി അയാള്‍ അനേകം പൂജകള്‍ നടത്തിയിരുന്നു. അതിനിടെയാണ് ഒരു മന്ത്രവാദി ഒരു ചെറുപ്പക്കാരനെ ദേവിക്ക് ബലി കൊടുത്താല്‍ ആണ്‍കുട്ടി പിറക്കുമെന്ന് പറഞ്ഞത്. തുടര്‍ന്ന് ദേവീസന്നിധിയില്‍ പോയി അയാള്‍ ദേവിയുടെ മുന്നില്‍ സത്യം ചെയ്തു. തുടര്‍ന്ന്, രാംലാലിന് ഒരാണ്‍കുട്ടി പിറന്നു. ഇതിനു ശേഷമാണ് ദേവിക്കു നല്‍കിയ വാക്കു പാലിക്കുന്നതിനായി അയാള്‍ ഒരു ചെറുപ്പക്കാരനെ അന്വേഷിച്ചത്. ആ അന്വേഷണത്തില്‍, കാട്ടില്‍ ആടു മേച്ചു കൊണ്ടിരുന്ന ദിവ്യാംശിനെ കണ്ടു. ആരുമറിയാതെ അവനെയും കൂട്ടി ക്ഷേത്രത്തിലേക്ക് പോയി. അവിടെ ദേവീ വിഗ്രഹത്തിനു മുന്നില്‍ വെച്ച് ഒരു മഴു കൊണ്ട് ദിവ്യാംശിന്റെ കഴുത്തറുത്തു. അതിനുശേഷം അവിടന്ന് സ്ഥലം വിട്ടുവെന്നാണ് രാംലാല്‍ പറഞ്ഞത്.
ചോദ്യം ചെയ്യലില്‍ പല തവണ രാംലാല്‍ വിചിത്രമായ കഥകള്‍ പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഓരോ തവണയും സംഭവങ്ങളെ മാറ്റിമാറ്റി പറയുകയായിരുന്നു ഇയാള്‍. എന്നാല്‍, നിരന്തരമുള്ള ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സത്യം പറയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന രാംലാല്‍ പലപ്പോഴും ദുര്‍മന്ത്രവാദം ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലിയില്ലാത്ത ദിവ്യാംശ് ആടിനെ മേച്ച് ജീവിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.