കൊല്ലം: വയോധികയായ അമ്മായിയമ്മയെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ മരുമകൾ ഹയർ സെക്കൻഡറി അധ്യാപിക. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മരുമകൾ മഞ്ജു മോൾ തോമസിനെ അറസ്റ്റ് ചെയ്തു. മഞ്ജുമോൾ വയോധികയെ മർദ്ദിക്കുന്ന വീഡിയോ പകർത്തിയത് സ്വന്തം മകനാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഭവസ്ഥലത്ത് വീട്ടിലെത്തി പ്രതികളുടെയും മർദ്ദനമേറ്റ അമ്മയുടെയും മൊഴി രേഖപ്പെടുത്തി. ശേഷമാണ് കേസെടുത്തത്. 80 വയസുള്ള ഏലിയാമ്മാ വർഗീസിനാണ് മർദനമേറ്റത്. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും വൻപ്രതിഷേധത്തിന് ഇടയാകുകയും ചെയ്തിരുന്നു. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി. എങ്ങനെയാണ് വീഡിയോ പ്രചരിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
ഭർത്താവിന്റെ അമ്മയെ മഞ്ജു വീട്ടിനകത്ത് വച്ച് മര്‍ദ്ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതുമാണ് വീഡിയോയിൽ കാണുന്നത്. പകല്‍സമയമായിരുന്നു സംഭവം. യുവതിയെയും വൃദ്ധയെയും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളെയാണ് പ്രത്യക്ഷമായി വീഡിയോയില്‍ കാണുന്നത്. യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാൻ പറയുന്നുണ്ട്. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുന്നു. വീണിടത്ത് നിന്ന് ഏതാനും സെക്കൻഡുകള്‍ അങ്ങനെ തന്നെ കിടന്ന ശേഷം ഇവര്‍ തനിയെ എഴുന്നേറ്റു. എണീക്കാൻ തന്നെയൊന്ന് സഹായിക്കണമെന്നും വയോധിക അഭ്യർഥിച്ചു.
ശേഷം ഇത് നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നെല്ലാം ഇദ്ദേഹം വൃദ്ധയോട് ചോദിക്കുന്നുണ്ട്. വഴക്ക് ഒഴിവാക്കാം എന്നതാണ് വൃദ്ധയുടെ നിലപാട്. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവതിയും തന്‍റെ ഫോണെടുത്ത് ക്യാമറ ഓണ്‍ ചെയ്ത് പിടിക്കുന്നുണ്ട്. മോശമായ രീതിയില്‍ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.