പൂനെ: മഹാരാഷ്ട്രയിലെ കൊറേഗാവ് പാർക്കിൽ ആരോഗ്യ വിദഗ്ധയായ യുവതിയെ പിന്തുടർന്ന സ്വകാര്യ ഡിറ്റക്ടീവുകൾ അറസ്റ്റിൽ. വാദാഗാവ് സ്വദേശി നിലേഷ് ലക്ഷ്മൺസിങ് പരദേശി (25), ദേഹു സ്വദേശി രാഹുൽ ഗൺപത്രോ ബിരാദാർ (30) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രതികൾ പിന്തുടരുന്നത് പതിവാണെന്നും അജ്ഞാതന് തന്റെ ചിത്രങ്ങൾ കൈമാറിയതായും പൊലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കാൻ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ (ക്രൈം) നാരായൺ ഷിർഗോങ്കർ പ്രത്യേക സംഘത്തിന് നിർദേശം നൽകി. ശനിയാഴ്ച കൊറേഗാവ് പാർക്കിലെ ഒരു ഹോട്ടലിൽ പൊലീസ് സംഘം ഒരുക്കിയ കെണിയാണ് പ്രതികൾ കുടുങ്ങിയത്.
പർദേശി സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി നടത്തുന്നതായും ബിരാദാർ ഇയാളുടെ കൂട്ടാളിയാണെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഒരു ബിസിനസുകാരന്‍റെ കുടുംബമാണ് യുവതിയെ കുറിച്ച് അന്വേഷിക്കാൻ ഡിറ്റക്ടീവുകളെ നിയമിച്ചത്. ഡിറ്റക്ടീവ് ഏജൻസിക്ക് കരാർ നൽകിയ വ്യക്തിയെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭ്യമല്ലെന്നും യു.പി.ഐ സംവിധാനം വഴി ഏജൻസിക്ക് 34,000 രൂപ കൈമാറിയതായും പൊലീസ് പറയുന്നു.
ഐ.പി.സി സെക്ഷൻ 354 ഡിയും ഐ.ടി ആക്ടും പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.