പാലക്കാട്: ചരിത്ര പ്രസിദ്ധമായ കൽപാത്തി രഥോത്സവം ബുധനാഴ്ച സമാപിക്കും. ചൊവ്വാഴ്ച നടന്ന രണ്ടാം തേര് ദിനത്തിൽ പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥം പ്രയാണം തുടങ്ങി.
ബുധനാഴ്ച പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെയും രഥങ്ങൾ ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. വൈകീട്ട് ആറോടെ ശ്രീവിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയില്‍ ചരിത്ര പ്രസിദ്ധ ദേവരഥ സംഗമം നടക്കും.
ശ്രീവിശാലാക്ഷിസമേത വിശ്വനാഥ സ്വാമിയുടെ തിരുകല്യാണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഒന്നാം തേരുദിവസമായ തിങ്കളാഴ്ച ശ്രീവിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് ചെറുരഥങ്ങളാണ് പ്രദക്ഷിണത്തിനിറങ്ങിയത്.
തേര് വലിക്കുന്നതില്‍ പങ്കാളികളാകുന്നത് പുണ്യകര്‍മായാണ് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നത്. ജില്ലയിലെ 96 അഗ്രഹാരങ്ങളുടേയും ആചാരനുഷ്ഠാന പ്രകാരമുള്ള സങ്കലനം കൂടിയാണ് രഥോത്സവം.
പാലക്കാട് താലൂക്കിൽ ബുധനാഴ്ച അവധി
പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച പാലക്കാട് താലൂക്ക് പരിധിയിലുള്ള സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.