ന്യൂഡൽഹി: ദേവസ്വം ബോർഡ് വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ലെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. ദേവസ്വം വരുമാനത്തെ ‘മിത്ത് മണി’യെന്ന് പറയണമെന്ന നടൻ സലിംകുമാറിന്റെ പരാമർശം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭക്തരുടെ സംഭാവനയും വഴിപാടുമൊക്കെയാണ് ദേവസ്വം വരുമാനം. ഇതിൽനിന്ന് സർക്കാർ ഒന്നും എടുക്കുന്നില്ല. മറിച്ച് ക്ഷേത്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ പണം ചെലവിടുകയാണ്. കോവിഡ് കാലത്ത് ക്ഷേത്രങ്ങൾക്കും ജീവനക്കാർക്കും കാര്യമായ സഹായം നൽകി.ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് സർക്കാർ. എല്ലാ കമ്യൂണിസ്‌റ്റ്– ഇടതുപക്ഷ സർക്കാരുകളും വിശ്വാസികളെ മാനിക്കുകയും സഹായിക്കുകയുമാണ് ചെയ്‌തിട്ടുള്ളത്. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ സർക്കാരിന് ആഗ്രഹമില്ല. മിത്തിൽ ശാസ്‌ത്രമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്വമല്ലെന്നും രാധാകൃഷ്‌ണൻ പ്രതികരിച്ചു.