ദില്ലി: കേന്ദ്ര വ്യോമയാന മന്ത്രാലയം ഇനി മുതൽ എല്ലാ മാസവും വിമാന യാത്രാക്കൂലിയിലെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിക്കുമെന്ന് കേന്ദമന്ത്രി വികെ സിങ്. ആഭ്യന്തര വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കും വിമാനക്കൂലിയിലെ പെട്ടെന്നുള്ള വൻവർദ്ധനവും തടയുന്നതിനായാണ് തീരുമാനം. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് ഒരു താരിഫ് മോണിറ്ററിംഗ് യൂണിറ്റ് നിലവിലുണ്ട്. വിമാനക്കമ്പനികൾ പ്രഖ്യാപിച്ച പരിധിക്ക് അപ്പുറം നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചില റൂട്ടുകളിലെ വിമാന നിരക്ക് പ്രതിമാസ അടിസ്ഥാനത്തിൽ നിരീക്ഷിച്ചു വരുന്നതായും മന്ത്രി രാജ്യസഭയിൽ വിശദീകരിച്ചു.
വിമാനയാത്രാക്കൂലി പൊതുവെ സർക്കാരിന്റെ നിയന്ത്രണത്തിന് വിധേയമല്ല. 1937 ലെ എയർക്രാഫ്റ്റ് ചട്ടം 135, ഉപ ചട്ടം (1) പ്രകാരം വിമാനക്കമ്പനികൾക്ക് യാത്രാക്കൂലി നിശ്ചയിക്കാം. പ്രവർത്തനച്ചെലവ്, സേവന സവിശേഷതകൾ, ന്യായമായ ലാഭം, നിലവിലുള്ള പൊതു യാത്രാക്കൂലി എന്നിവയുൾപ്പെടെ പ്രസക്ത ഘടകങ്ങൾ പരിഗണിച്ചാവണമിത്. 1937 ലെ എയർക്രാഫ്റ്റ് ചട്ടത്തിന്റെ, ചട്ടം 135, ഉപ ചട്ടം (2 ) പ്രകാരം, വിമാനക്കമ്പനികൾ നിശ്ചയിക്കപ്പെട്ട വിമാനയാത്രാക്കൂലി അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.
ആഭ്യന്തര വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കും വിമാനക്കൂലിയിലെ പെട്ടെന്നുള്ള വൻവർദ്ധനവും തടയുന്നതിനായി, ഡിജിസിഎ 2010-ൽ എയർ ട്രാൻസ്‌പോർട്ട് സർക്കുലർ 02 പുറപ്പെടുവിച്ചിരുന്നു. അതിൽ വിമാനക്കമ്പനികൾ അതത് വെബ്‌സൈറ്റുകളിൽ അവരുടെ സമസ്ത ശൃംഖലകളിലും വിവിധ തരം നിരക്കുകളിലുള്ള താരിഫ് ഷീറ്റ് പ്രദർശിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയതാണ്.
കൊവിഡ് – 19 മഹാമാരി സൃഷ്ടിച്ച പ്രത്യേക സാഹചര്യങ്ങൾ കാരണം, യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നടപടിയായി, ഉയർന്നതും താഴ്ന്നതുമായ പരിധി നിശ്ചയിക്കപ്പെട്ട ഫെയർ ബാൻഡുകൾ സർക്കാർ അവതരിപ്പിച്ചു.
നിലവിൽ, 15 ദിവസത്തിലൊരിക്കൽ മാറും വിധമുള്ള നിരക്ക് പരിധി സംവിധാനമാണ് ബാധകമായിട്ടുള്ളത്. സ്ഥിതിഗതികൾ സർക്കാർ നിരന്തരം അവലോകനം ചെയ്യുന്നുണ്ട്. കൂടാതെ, ആഭ്യന്തര വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കും വിമാനക്കൂലിയിലെ പെട്ടെന്നുള്ള വൻ വർദ്ധനവും സർവീസ് നടത്തിപ്പ് സംബന്ധിച്ച തീരുമാനങ്ങളും നിരക്ക് പരിധിയിൽ ഇളവ് വരുത്തുന്നതും നിലവിലുള്ള കോവിഡ് -19 സാഹചര്യം, പ്രവർത്തന സ്ഥിതി, യാത്രക്കാരുടെ ആവശ്യം എന്നിവയ്ക്ക് വിധേയമാണ്.