കൊച്ചി : ഡീസൽ വിലവർധനയ്‌ക്കെതിരെ കെ.എസ്.ആർ.ടിസി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വില നിർണ്ണയ സംവിധാനം സംബന്ധിച്ച് രേഖാമൂലം മറുപടി അറിയിക്കാൻ എണ്ണക്കമ്പനികളോടും ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ആർ.ടിസിയ്ക്കുള്ള ഡീസലിന്റെ വില ലിറ്ററിന് 21 രൂപ 10 പൈസ വർധിച്ച എണ്ണക്കമ്പനികളുടെ നടപടി കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു കെ.എസ്.ആർ.ടി.സിയ്ക്കുള്ള ഡീസൽ വിലയിൽ കമ്പനികൾ വർധന വരുത്തിയത്. ഈ നടപടി വിവേചനപരവും അന്യായവുമാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. എണ്ണക്കമ്പനികളുടെ വില വർധനാ നടപടി സ്റ്റേ ചെയ്യണമെന്ന കെ.എസ് ആർ .ടി.സിയുടെ ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്നു.