കൊച്ചി : വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുപന്‍പാണ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നിരുന്നു. ദിലീപിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്തതായുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തെത്തിയത്. 2017ല്‍ നടന്നതായി പറയപ്പെടുന്ന വധ ഗൂഢാലോചനയ്ക്ക് ശേഷം നാദിര്‍ഷയും ദിലീപുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് മൂന്ന് ദിവസങ്ങള്‍ക്കുമുന്‍പ് ചോദ്യം ചെയ്യല്‍ നടന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി രണ്ട് ആഴ്ചകള്‍ക്കുമുന്‍പ് നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.
രണ്ട് സിഐമാരും എസ്പിയുമടങ്ങുന്ന സംഘമാണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്. സിനിമാ പ്രൊജക്ടുകളും സാമ്പത്തിക ഇടപാടുകളും മാത്രമാണ് ദിലീപുമായി ഉള്ളതെന്ന് നാദിര്‍ഷ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. വധഗൂഡാലോചന കേസില്‍ പ്രതികള്‍ അവസാനം നല്‍കിയ ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിക്കും. ഫോണില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് . ഇതിനിടയില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ക്രൈം ബ്രാഞ്ച് സജീവമാക്കി.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുകാട്ടി ദിലീപിന് ഉടന്‍ നോട്ടിസ് നല്‍കും. പ്രതികളുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെയും വരും ദിവസങ്ങളില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം അനൂപിനും സുരാജിനും ലഭിച്ചു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധനാഫലം കിട്ടിയിട്ടുണ്ട്. കൂടുതല്‍ പേരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും. ബുധനാഴ്ച ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് അനൂപിനു നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, തന്റെ ബന്ധു മരിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അനൂപ് ചോദ്യം ചെയ്യലിന് എത്തിയില്ല.