ആലപ്പുഴ: രൂപതയിൽ കൂദാശകളുടെ ചുമതലയുള്ള എപ്പിസ്കോപ്പൽ വികാരി ഫാ.ഫെർണാണ്ടസ് കാക്കശ്ശേരി (53) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു 12 ന് പള്ളിത്തോട് കുടുംബവീട്ടിൽ ശുശ്രൂഷ ആരംഭിച്ച ശേഷം ഇടവക ദേവാലയമായ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 2.30 ന് ബിഷപ് ഡോ.ജയിംസ് ആനാപറമ്പിലിന്റെ കാർമികത്വത്തിൽ.
1996 ഏപ്രിൽ 13 ന് ബിഷപ് ഡോ.പീറ്റർ ചേനപ്പറമ്പിൽ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ അസിസ്റ്റന്റ് വികാരിയായി സേവനം തുടങ്ങി. 1997 ൽ വെള്ളാപ്പള്ളി പള്ളി വികാരിയായി. അടുത്ത വർഷം സെന്റ് ആന്റണീസ് ഓർഫനേജ് അസിസ്റ്റന്റ് ഡയറക്ടറായി. തുടർന്നു റോമിൽ ലാറ്ററൽ സർവകലാശാലയിൽ ഉപരിപഠനത്തിനു പോയി. 2005 തിരികെ എത്തി തിരുഹൃദയ സെമിനാരിയുടെ റെക്ടറായി. 2010 ൽ രൂപതയുടെ ചാൻസലറും കുടുംബ പ്രേഷിത ഡയറക്ടറും 2015 ൽ രൂപത പ്രൊക്യുറേറ്ററും ആയി.
2020 മുതൽ രൂപതയുടെ കൂദാശകളുടെ ചുമതലയുള്ള എപ്പിസ്കോപ്പൽ വികാരിയായും സ്പെഷൽ സ്കൂളായ സാന്ത്വൻ ഡയറക്ടറും ലിയോ തേർട്ടീന്ത്, സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളുകളുടെ മാനേജരും രൂപതയുടെ പ്രോജക്ട് കോ–ഓർഡിനേറ്ററും ആയി സേവനം ചെയ്തു വരികയായിരുന്നു. നെരിപ്പോടിലെ തീക്കനൽ, ഗവേഷണ സംബന്ധമായ ദ ഡിഗ്നിറ്റി ഓഫ് മാൻ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. സഹോദരങ്ങൾ: വർഗീസ്, ജെമ്മ, തങ്കമ്മ സൈറസ് അറുകുലശ്ശേരി, ജോസഫ്, അനറ്റ്, ലോപ്പസ്, ഡൊമിനിക്, മാർഗരറ്റ്, പരേതനായ അലക്സ്.