തിരുവനന്തപുരം : അടുത്ത 5 വർഷത്തെ വൈദ്യുതി നിരക്ക് തീരുമാനിക്കുന്ന നടപടി ആരംഭിച്ചിരിക്കെ, നിരക്കു വർധനയ്ക്കായി റഗുലേറ്ററി കമ്മിഷൻ മുൻപാകെ ബോർഡ് സമർപ്പിച്ച താരിഫ് പെറ്റിഷനിലും ബോർഡിന്റെ ബജറ്റിലുമുള്ള കണക്കുകളിലെ വൈരുധ്യം വിവാദമായി. ഇത് എങ്ങനെ ഉണ്ടായെന്നു നേരിട്ടെത്തി വിശദീകരിക്കാൻ ബോർഡ് അധികൃതരോട് കമ്മിഷൻ ആവശ്യപ്പെട്ടേക്കും.
ഇതേച്ചൊല്ലി സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷനും ബോർഡ് മാനേജ്മെന്റും കൊമ്പു കോർത്തു. ബജറ്റിൽ തെറ്റായ കണക്കുകൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചെയർമാനും ഫിനാൻസ് ഡയറക്ടർക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും ജനറൽ സെക്രട്ടറി ബി.ഹരികുമാറും ആവശ്യപ്പെട്ടു.
2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം വൈദ്യുതി നിരക്കിൽ നിന്നുള്ള ബോർഡിന്റെ വരുമാനം (സംസ്ഥാനാന്തര വിൽപന ഒഴികെ) 15,644 കോടി രൂപയായിരിക്കെ 2022-23 ൽ നിലവിലുള്ള താരിഫ് അനുസരിച്ചുള്ള വരുമാനം 17,323 കോടി ആകുമെന്നാണ് ബജറ്റിൽ. വരുമാനം പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടിയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ പറയുന്നു. വിതരണത്തിൽ വർധന ഉണ്ടാകാതെ വരുമാനം എങ്ങനെ വർധിക്കുമെന്നു മനസ്സിലാകുന്നില്ല.
ഗാർഹിക ഉപയോക്താക്കളിൽ നിന്നുള്ള വരുമാനം നിരക്ക് വർധിപ്പിക്കാതെ തന്നെ 6,255 കോടി രൂപയിൽ നിന്ന് 6,874 കോടിയാകുമെന്നു പറയുന്നു. വാണിജ്യ വിഭാഗത്തിൽ നിന്നുള്ളതു 3,492 കോടിയിൽ നിന്നു 3,973 കോടിയായും എച്ച്ടി, ഇഎച്ച്ടി വിഭാഗത്തിന്റേത് 3650 കോടിയിൽ നിന്നു 3916 കോടിയായും വർധിക്കും എന്നാണ് പറയുന്നത്. കമ്മിഷനു ബോർഡ് സമർപ്പിച്ച കണക്കുകളിലെക്കാൾ 66.4 കോടി യൂണിറ്റ് അധികം വിതരണം ചെയ്യും എന്ന രീതിയിലാണ് ബജറ്റിൽ. കമ്മിഷനു നൽകിയ രേഖയിൽ വൈദ്യുതി ഉപയോഗത്തിൽ 5% വർധന പ്രതീക്ഷിക്കുമ്പോൾ ബജറ്റിൽ ഇത് 7.5% ആണ്.