കഴിഞ്ഞ ദിവസമായിരുന്നു (ഫെബ്രുവരി നാല്) ലോക ക്യാന്‍സര്‍ ദിനം. ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീര്‍ണമാകുന്നത്.
ലോക ക്യാൻസർ ദിനത്തിൽ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് നിരവധി പേർ ഇന്നലെ അനുഭവങ്ങൾ പങ്കുവച്ചിരുന്നു. നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യയയും നിർമാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ തന്റെ അച്ഛനെക്കുറിച്ച് പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ അച്ഛനെക്കുറിച്ച് കുറിച്ചിരിക്കുന്നത്. ക്യാന്‍സര്‍ രോഗം ബാധിച്ചാണ് സുപ്രിയയുടെ പിതാവ് മരണപ്പെട്ടത്.
‘ലോക ക്യാൻസർ ദിനമാണിന്ന്. നിരവധി ജീവനുകൾ നഷ്ടപ്പെടുകയും തന്റെയുൾപ്പെടെ നിരവധി കുടുംബങ്ങൾ ഈ ഭയാനകമായ രോഗത്താൽ തകർന്നടിഞ്ഞു. വരുംവർഷങ്ങളിൽ ക്യാൻസർ ചികിത്സാരംഗത്തെ മുന്നേറ്റത്തിന് പ്രതീക്ഷിക്കുന്നു, ഒപ്പം തന്നെപ്പോലെ പ്രിയ്യപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ സങ്കടത്തോടൊപ്പം ചേർന്നുനിൽക്കുന്നു. രോഗത്തെ അതിജീവിച്ചവർ കൂടുതൽ കരുത്തരാവട്ടെ’- സുപ്രിയ കുറിപ്പില്‍ പറയുന്നു.
അച്ഛനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുള്ളയാളാണ് സുപ്രിയ. ക്യാൻസർ അച്ഛനെ കീഴടക്കിയതിനെ കറിച്ചും ആ ദുഃഖത്തെ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും സുപ്രിയ പറഞ്ഞിട്ടുണ്ട്. ക്യാൻസറിന്റെ നാലാം സ്റ്റേജിലായിരുന്ന സുപ്രിയയുടെ അച്ഛൻ 2021ലാണ് മരണമടയുന്നത്.
ക്യാൻസറിനെ അതിജീവിച്ച നടി മംമ്ത മോഹൻദാസും കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവച്ചിരുന്നു. കാൻസർ എന്നത് യഥാർഥമാണെന്നും എന്നാൽ നിങ്ങൾ വേണമെന്നു വിചാരിച്ചാൽ അതിനെ താൽക്കാലികമാക്കാം എന്നുമാണ് മംമ്ത കുറിച്ചത്. അവനവനോട് അൽപം അനുകമ്പയുള്ളവരാകൂ എന്നും ഭാരത്തെ ലഘൂകരിക്കൂ എന്നും മംമ്ത പറഞ്ഞു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മംമ്തയ്ക്ക് ആദ്യമായി ക്യാൻസര്‍ സ്ഥിരീകരിച്ചത്. ചികിത്സയിലൂടെ ഒരിക്കല്‍ പൂര്‍ണമായും ഭേദപ്പെടുത്തിയ രോഗം പിന്നീട് വീണ്ടും മംമ്തയെ പിടികൂടുകയായിരുന്നു.