തിരുവനന്തപുരം > ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കൊണ്ട് വിദ്യാർഥികൾക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ ഉമ തോമസ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലക്ക് 2022-23 അദ്ധ്യയന വർഷത്തിൽ അഞ്ച് യുജി പ്രോഗ്രാമുകൾക്കും രണ്ട് പിജി പ്രോഗ്രാമുകൾക്കുമാണ് യുജിസി അനുമതി നൽകിയിരുന്നത്. ഈ കോഴ്സുകളിലാകെ 5400 വിദ്യാർത്ഥികൾ കഴിഞ്ഞ അധ്യയനവർഷം പ്രവേശനം നേടിയിരുന്നു. സർവ്വകലാശാലക്ക് യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയിൽ നിന്നും നിലവിൽ 12 ബിരുദ പ്രോഗ്രാമുകളും 10 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമടക്കം 22 പ്രോഗ്രാമുകൾ നടത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷൻ പ്രകാരം പ്രവേശന അറിയിപ്പ് നൽകിയിരുന്നു. ഈ വർഷം ഇതുവരെ 2500 വിദ്യാർഥികൾ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. 22,000 ഓളം വിദ്യാർഥികൾ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽ സർക്കാർ അനുവദിച്ച കോളേജുകൾ പഠന കേന്ദ്രങ്ങളായുണ്ട്. ഈ കേന്ദ്രങ്ങളെ ജൂലൈ 15 മുതൽ സെപ്തംബർ 5 വരെയുള്ള കാലയളവിൽ മുഴുവൻ സമയ പ്രവേശന കേന്ദ്രങ്ങളാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് യുജിസിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയിൽ നിന്ന് 2022- 23 അധ്യയനവർഷം മുതൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ മാത്രം വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള കോഴ്സുകൾ നടത്തുന്നതിന് മറ്റ് സർവ്വകലാശാലകൾക്ക് അനുമതി നൽകുന്നതാണെന്നും ഇതുസംബന്ധിച്ച തുടർനിർദ്ദേശം വരുന്നതുവരെ വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും മുഖേനയുള്ള കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കാൻ പാടില്ലെന്നും സർവ്വകലാശാലകൾക്ക് ആദ്യം നിർദ്ദേശം നൽകിയിരുന്നു. ഓപ്പൺ സർവ്വകലാശാലയ്ക്ക് കോഴ്സുകൾ നടത്തുന്നതിന് അനുമതി ലഭ്യമായ സാഹചര്യത്തിൽ സർക്കുലർ പിൻവലിച്ചുകൊണ്ടും നിലവിലുള്ള നിയമങ്ങളും കോടതി വിധികളും അനുസരിച്ച് പ്രവേശന നടപടികൾ സ്വീകരിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിക്കൊണ്ടും 2022 നവംബറിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നതായി മന്ത്രി വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ യുജിസി-ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരത്തോടുകൂടി 2022-23 അധ്യയനവർഷം വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നതിന് കേരള, കാലിക്കറ്റ് സർവ്വകലാശാലകൾ നടപടി സ്വീകരിച്ചിരുന്നു. 2022-23 വർഷത്തിൽ കോഴിക്കോട് സർവ്വകലാശാലയിൽ മാത്രം 28479 വിദ്യാർത്ഥികൾ വിദൂരവിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശനം നേടി. ഈ വർഷം പന്ത്രണ്ട് പ്രോഗ്രാമുകളിലായി ഇതുവരെ 11202 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. 2022-23 വർഷത്തിൽ കേരള സർവ്വകലാശാലയിൽ 4325 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ 2022-23 വർഷത്തിൽ 23 കോഴ്സുകളിലേയ്ക്ക് മുമ്പ് തുടർന്നുവന്ന രീതിയിൽ 5122 വിദ്യാർത്ഥികൾ പ്രവേശനം നേടിയിരുന്നു.
ഈ വർഷം 23 കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ശ്രീനാരായണഗുരു സർവ്വകലാശാലയിൽ അനുമതി ലഭിയ്ക്കാത്തതും യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യുറോയുടെ അനുമതി ലഭിച്ചതുമായ കോഴ്സുകൾക്ക് മറ്റ് സർവ്വകലാശാലകൾക്ക് ഈ അക്കാദമിക് വർഷവും പ്രവേശനം നൽകുന്നതിന് ഒരു തടസ്സവും നിലവിലില്ല- മന്ത്രി വ്യക്തമാക്കി.