തിരുവനന്തപുരം : കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. വിദേശത്തു നിന്നും എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായലി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റയിൻ ഉൾപ്പെടെ കർശനമായ വ്യവസ്ഥകൾ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് സ്വയം നിരീക്ഷണം മാത്രമാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്യുന്നു. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കും ഒമിക്രോൺ സ്ഥരീകരിക്കുന്ന സാഹചര്യത്തിലാണ് സ്വയം നിരീക്ഷണം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയത്.
ഇന്നലെ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയിൽ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയിൽ നിന്നുമെത്തിയ യുവതി (27), നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് (32) എന്നിവർക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. 27 വയസുകാരി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ്. ഇവർ ഡിസംബർ 12നാണ് യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ക്വാറന്റീനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവായത്.
32 വയസുകാരൻ ഡിസംബർ 17ന് നൈജീരിയയിൽ നിന്നും എത്തിയതാണ്. എയർപോർട്ട് പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.