ദില്ലി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അൽപസമയത്തിനകം പാർലമെന്റിൽ പ്രസ്താവന നടത്തും. അപകടത്തെക്കുറിച്ച് ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് പ്രതിരോധമന്ത്രി വിശദീകരണം നൽകി കഴിഞ്ഞു. അപകടസ്ഥലത്ത് നിന്നും ബിപിൻ റാവത്തിനേയും ഭാര്യ മധുലിക റാവത്തിനേയും രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിപിൻ റാവത്തിന് 80 ശതമാനത്തോളം പൊള്ളലേറ്റെന്നും ഭാര്യ അതീവ ഗുരുതരാവസ്ഥയിലാണെന്നും വാർത്താ ഏജൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജനറൽ ബിപിൻ റാവത്തിൻ്റെ കൈയ്ക്കും കാലിനും കാര്യമായി പരിക്കേറ്റു എന്നാണ് വിവരം. അനൗദ്യോഗികമായി വരുന്ന ഇത്തരം വാർത്തകൾക്ക് അപ്പുറം സംയുക്ത സൈനികമേധാവിയുടെ ആരോഗ്യനിലയെക്കുറിച്ച് ഒരു ഔദ്യോഗിക പ്രതികരണം ഇതുവരെ സർക്കാരിൽ നിന്നുണ്ടായിട്ടില്ല.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരാണ് രാജ്യത്തെ പ്രോട്ടോക്കോൾ പട്ടികയിൽ മുൻനിരയിൽ ഉള്ളത് ഭരണഘടനാപദവികൾക്ക് പുറത്തുള്ളവരിൽ ഏറ്റവും പ്രധാനി സംയുക്ത സൈനിക മേധാവിയാണ് അദ്ദേഹത്തിന് താഴെ കര, നാവിക, വ്യോമസേനാ മേധാവിമാരും. ഇങ്ങനെ അതീവ പ്രാധാന്യമർഹിക്കുന്ന വിവിഐപിയാണ് അപകടത്തിൽപ്പെട്ടത് എന്നതിനാൽ അതീവ ഗൗരവത്തോടെയാവും ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാവുക. ബിപിൻ റാവത്തിൻ്റെ ആരോഗ്യനിലയടക്കമുള്ള വിഷയങ്ങളിലും അപകടത്തിൻ്റെ വിശദാംശങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രതിരോധമന്ത്രിയായി രാജ്യത്തെ അറിയിക്കുക. അൽപസമയത്തികനം ഇക്കാര്യത്തിൽ ലോക്സഭയിൽ രാജ്നാഥ് സിംഗ് പ്രസ്താവന നടത്തും. ഇതിനോടകം പ്രധാനമന്ത്രിയെ കണ്ട രാജ്നാഥ് സിംഗ് അപകടം സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രാലയത്തിലെത്തി ഉന്നത ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിലും രാജ്നാഥ് സിംഗ് പങ്കെടുത്തു.
ചെന്നൈയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തൻ്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും അപകടത്തിൽ ഞെട്ടലും ഖേദവും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യോമസേനാ മേധാവി വി.ആർ.ചൌധരിയോട് അടിയന്തരമായി അപകടസ്ഥലത്തേക്ക് എത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പാർലമെൻ്റിൽ എത്തി.
ഇത്രയും വിവിഐപിയായ സൈനിക ഉദ്യോഗസ്ഥന് ഒരു സൈനിക ഹെലികോപ്ടർ തകർന്നുള്ള അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു എന്നത് പ്രതിരോധസേനകളെ ആകെ അമ്പരപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ ഉടനെയുണ്ടാവും. ഈ വർഷം മറ്റൊരും ഹെലികോപ്ടറും അപകടത്തിൽപ്പെട്ടിരുന്നുവെങ്കിലും അത്യാധുനിക റഷ്യൻ നിർമ്മിത ഹെലികോപ്ടറായ എം.17ന് പൊതുവിൽ കാര്യക്ഷമതയ്ക്ക് പേരുകേട്ടതാണ്. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനും ഈ ഹെലികോപ്ടർ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ തവണ ബദ്ഗാമിൽ ഇന്ത്യയുടെ തന്നെ മിസൈൽ തട്ടി MI 17 V 5 തകർന്നു വീണ സംഭവമുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനും സൈനികനീക്കത്തിനും ചരക്കുനീക്കത്തിനും പ്രതിരോധമന്ത്രിയടക്കം വിവിഐപികളുടെ സഞ്ചാരത്തിനും ഈ ഹെലികോപ്ടർ ഉപയോഗിക്കാറുണ്ട്.