ദില്ലി : ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിക്കാൻ വൈകി എന്നതുകൊണ്ട് മാത്രം അർഹതപ്പെട്ട ക്ലെയിം പോളിസിയുടമയ്ക്ക് നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി നിർണായക വിധിയിലൂടെ വ്യക്തമാക്കി. കാർമോഷണം പോയതു സംബന്ധിച്ചു കമ്പനിയെ അറിയിക്കാൻ വൈകി എന്ന കാരണം പറഞ്ഞ് ക്ലെയിം നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് പരമോന്നത കോടതിയുടെ ഈ നിർണായക ഉത്തരവ്.
ക്ലെയിം വ്യാജമല്ലെന്നു നിരീക്ഷിച്ച ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് ആണ് വിവരമറിയിക്കാൻ വൈകി എന്നതുകൊണ്ട് ക്ലെയിം നിഷേധിക്കരുതെന്ന് ഉത്തരവിട്ടത്. സമയത്ത് അറിയിച്ചില്ല എന്നതിന്റെ പേരിൽ വിവിധ ഇൻഷുറൻസ് ക്ലെയിമുകൾ നിഷേധിക്കുന്നത് ഇൻഷുറൻസ് കമ്പനികളുടെ പതിവു ശൈലിയാണ്. അതിനെതിരെ വന്ന സുപ്രീം കോടതിയുടെ ഈ വിധി അർഹതപ്പെട്ട ഒട്ടേറെ പേർക്ക് ആശ്വാസമാകും.