ഹൈദരാബാദ്: ഹൈദരാബാദിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ വളർത്തുനായയെ ഭയന്ന് ഓടിയ സ്വിഗ്ഗി ഡെലിവറി ഏജന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഭക്ഷണം വിതരണം ചെയ്യാനെത്തിയ വീട്ടിലെ വളർത്തുനായയാണ് മുഹമ്മദ് റിസ്വാൻ എന്ന 23കാരനെ ഓടിച്ചത്. ജനുവരി 11 ന് ബഞ്ചാര ഹിൽസിലെ ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്നാണ് മുഹമ്മദ് റിസ്വാൻ വീണത്. ഞായറാഴ്ച റിസ്വാൻ മരിച്ചു.
റിസ്വാൻ വീടിന്റെ വാതിൽക്കലെത്തിയപ്പോൾ നായ അയാൾക്ക് നേരെ കുതിച്ചു ചാടി. ഭയന്ന റിസ്വാൻ ഓടി. നായ പിന്നാലെ ഓടി. റിസ്വാൻ റെയിലിംഗിൽ നിന്ന് ചാടാൻ ശ്രമിച്ചെങ്കിലും കാല് വഴുതി വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. നായയുടെ ഉടമ ഇയാളെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിച്ചു.
ഐപിസി 304-ാം വകുപ്പ് പ്രകാരം ഉടമയ്ക്കെതിരെ കേസെടുത്തതായി ബഞ്ചാര ഹിൽസ് ഇൻസ്പെക്ടർ നരേന്ദർ പറഞ്ഞു. റിസ്വാൻ സ്വിഗ്ഗിയിൽ ജോലി ചെയ്യുകയായിരുന്നു. കുറച്ച് ദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹം മരിച്ചു. പാഴ്സൽ നൽകാൻ ബഞ്ചാര ഹിൽസിലേക്ക് പോയ വഴി നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് താഴെ വീണ് പരിക്കേൽക്കുകയായിരുന്നു. റിസ്വാന് നീതി വേണം. ബഞ്ചാര ഹിൽസ് പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണം. റിസ്വാന്റെ സഹോദരൻ ആവശ്യപ്പെട്ടു.