റിയാദ്: ആഭ്യന്തര തീർഥാടകർ ഹജ്ജ് പെർമിറ്റ് കാർഡ് ഫോണുകളിൽ ഡിജിറ്റലായി സൂക്ഷിക്കാനും അധികൃതർ ആവശ്യപ്പെട്ടാൽ കാണിക്കാനും നിർദേശം. ആഭ്യന്തര സേവന സ്ഥാപനങ്ങൾക്ക് ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. എല്ലാ ആഭ്യന്തര തീർഥാടകരും തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡിജിറ്റൽ കാർഡ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ആഭ്യന്തര തീർഥാടക കമ്പനികളുടെ കോഓഡിനേറ്റിങ് കൗൺസിൽ വ്യക്തമാക്കി. പുണ്യസ്ഥലങ്ങൾക്കുള്ളിൽ സഞ്ചരിക്കുന്നതിനും മസ്ജിദുൽ ഹറാമിലെ പ്രവേശനത്തിനും ഇത് ആവശ്യമാണ്. ചില സ്ഥലങ്ങളിൽ ആവശ്യമാകുമ്പോൾ ഡിജിറ്റൽ കാർഡ് കാണിക്കേണ്ടതുണ്ട്. നുസ്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലൂടെ ഡിജിറ്റൽ കാർഡ് ആക്ടിവേറ്റ് ചെയ്യേണ്ടതാണെന്നും കൗൺസിൽ അറിയിച്ചു.












