മെൽബൺ : ബിഗ് ബാഷ് ലീഗിൽ ഡബിൾ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറെന്ന നേട്ടം സ്വന്തമാക്കി മെൽബൺ റെനഗേഡ്സിന്റെ ലെഗ് സ്പിന്നർ കാമറൂൺ ബോയ്സ്. ബുധനാഴ്ച സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തിലാണ് കാമറൂൺ ഈ നേട്ടം സ്വന്തമാക്കിയത്. ബിബിഎല്ലിൽ ഹാട്രിക് നേടുന്ന ആദ്യ മെൽബൺ റെനഗേഡ്സ് ബൗളറുമാണ് കാമറൂൺ.
മത്സരത്തിന്റെ ഏഴാം ഓവറിലെ അവസാന പന്തിൽ തണ്ടേഴ്സിന്റെ ഓപ്പണർ അലക്സ് ഹെയ്ൽസിനെ പുറത്താക്കിയ കാമറൂൺ ഒമ്പതാം ഓവറിൽ തിരിച്ചെത്തി ആദ്യ പന്തിൽ ജേസൺ സംഗയെ പുറത്താക്കി. തൊട്ടടുത്ത പന്തിൽ റിവേഴ്സ് സ്വീപ് കളിക്കാൽ ശ്രമിച്ച അലക്സ് റോസിന് പിഴച്ചതോടെ കാമറൂൺ ഹാട്രിക് തികച്ചു. അവിടംകൊണ്ടും തീർന്നില്ല മൂന്നാം പന്തിൽ ഡാനിയൽ സാംസിനെയും മടക്കിയ കാമറൂൺ ഡബിൾ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി. മത്സരത്തിലാകെ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി താരം അഞ്ചു വിക്കറ്റും വീഴ്ത്തി. താരത്തിന്റെ ഈ നേട്ടത്തിന് പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഒരു റണ്ണിന് തണ്ടേഴ്സ് റെനഗേഡ്സിനെ തോൽപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയൻ ദേശീയ ടീമിൽ ഏഴ് ട്വന്റി 20 മത്സരങ്ങൾ കളിച്ച താരമാണ് കാമറൂൺ.