ആലപ്പുഴ : ആലപ്പുഴയിലെ ഇരട്ട കൊലപാതകക്കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്. ആലപ്പുഴ ഡി.എച്ച്.ക്യു കെട്ടിടത്തിൽ ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസൻ, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. ഷാൻ വധക്കേസുകളിൽ നേരിട്ട് പങ്കാളികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടുകേസിലും ഗൂഢാലോചനയിൽ പങ്കെടുത്തവരെയാണ് ഇനി പിടികൂടാനുള്ളത്. രഞ്ജിത് വധക്കേസിൽ അവസാനം പിടികൂടിയ പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്താനുണ്ട്. ഇത് പൂർത്തിയായാൽ അറസ്റ്റ് ചെയ്ത മുഴുവൻ പ്രതികളുടെയും പേരും വിലാസവും അടക്കമുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകും.
കുറ്റാന്വേഷണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലയിലും ഫോറൻസിക് സയൻസ് ലബോറട്ടറി സജ്ജമായത്. സൈബർ അടക്കമുള്ള പലകേസുകൾക്കും ശാസ്ത്രീയ തെളിവുകളുടെ പരിശോധന ആവശ്യമുള്ളതിനാൽ അന്വേഷണം വേഗത്തിലാക്കാൻ സഹായിക്കും.
ലാബ് ഉപകരണങ്ങളും കെമിക്കലും ഉൾപ്പെടെയുള്ളവ ഇനി എത്താനുണ്ട്. വീയപുരത്ത് പഴയകെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷൻ മാറ്റുകയെന്നത് ഏറെനാളത്തെ സ്വപ്നസാക്ഷാത്കാരമാണ്. നിലവിൽ കരീലക്കുളങ്ങരയിലും അരൂരിലുമാണ് പൊലീസ് സ്റ്റേഷൻ കെട്ടിടമില്ലാത്തത്.അടുത്തവർഷം കരീലക്കുളങ്ങര സ്റ്റേഷൻ കെട്ടിടനിർമാണത്തിന് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.2021ഡിസംബർ 18ന് രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ പിന്നാലെ കാറിലെത്തിവർ ഷാനെ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 19ന് പുലർച്ച ആലപ്പുഴയിലെ വീട്ടിൽ ബൈക്കിലെത്തിയ 12 അംഗ സംഘമാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.