തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്‍റെ ഉപവാസം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങി. രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിൻറെ നേതൃത്വത്തിലാണ് സമരം. ഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ കരച്ചിൽ നാടകമല്ലെങ്കിൽ രാജിവെച്ചൊഴിയാൻ ആരോഗ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.
അതിനിടെ ഡോ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറണ്ട് പോലീസ് കോടതിയിൽ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാൻ നിര്‍ദേശം നൽകിയത്. സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.