ഗുവാഹത്തി: സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. അധ്യാപന സമയത്ത് ടീ ഷര്‍ട്ട്, ജീന്‍സ്, ലെഗ്ഗിങ്സ് എന്നിവ ധരിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അസമിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചില അധ്യാപകര്‍ അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതായി കാണാറുണ്ട്, അവ ചിലപ്പോഴൊക്കെ പൊതുസമൂഹത്തിന് സ്വീകാര്യമായതല്ല. എല്ലാത്തരം മാന്യതയുടെയും ഒരു ഉദാഹരണമായാണ് അധ്യാപകരെ കാണുന്നത്. പ്രത്യേകിച്ച് അവരുടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍, ജോലിസ്ഥലത്ത് മാന്യതയും പ്രൊഫഷണലിസവും പ്രതിഫലിപ്പിക്കുന്ന ഒരു ഡ്രസ് കോഡ് പിന്തുടരേണ്ടത് ആവശ്യമാണ്. വൃത്തിയുള്ളതും എളിമയുള്ളതും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കാം’ വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.