പാലക്കാട്: വേനൽ കടുത്തതോടെ നഗരത്തിലെ മിക്ക വാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. മലമ്പുഴ ഡാമിൽ യഥേഷ്ടം ജലമുണ്ടായിട്ടും അവ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിലെ വീഴ്ച കാരണം ദിവസങ്ങളായി കുടിവെള്ളമില്ലാതെ നാട്ടുകാർ വലയുകയാണ്. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്നതാണ് പ്രശ്നകാരണമെന്ന് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. നഗരസഭയും വാട്ടർ അതോറിറ്റിയും പരസ്പരം പഴി ചാരി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതോടെ വലയുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
മാട്ടുമന്ത, മുത്താൻതറ, കൽമണ്ഡപം എന്നിവിടങ്ങളിൽ ഉയർന്ന ശേഷിയുള്ള ജസംഭരണി ഉണ്ടായിട്ടും കുടിവെള്ള ക്ഷാമത്തിന് പരിഹാരമില്ല. പുതുപ്പള്ളിതെരുവ്, പനങ്കാട് സ്ട്രീറ്റ്, വെണ്ണക്കര, അനുഗ്രകോളനി, നൂർഗാർഡൻ, ആര്യപറമ്പ്, കുറക്കപാറ, മാപ്പിളക്കാട്, മേട്ടുപാളയം ഡയറാ തെരുവ്, ശേഖരിപുരം, സുന്ദരം കോളനി എന്നിവിടങ്ങളിലും ഏതാനും മണിക്കൂർ മാത്രം വെള്ളം ലഭിക്കുന്നുണ്ടെങ്കിലും മതിയായ തോതിലല്ലെന്ന് പരാതിയുണ്ട്. സമീപത്തെ വീടുകളിലെ കിണർ വെള്ളത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്.
എന്നാൽ, നിലവിൽ വേനൽ കടുത്ത സാഹചര്യത്തിൽ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങി. ടാങ്കർ വെള്ളം മാത്രമാണ് ആശ്രയം. ഇപ്പോൾ തന്നെ ചിലയിടങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളം എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ജലസേചന ഓഫിസിൽ മതിയായ ജിവനക്കാരില്ലെന്നും പരാതിയുണ്ട്.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ചുമതല നൽകി നീട്ടിക്കൊണ്ടുപോകുകയാണ് അധികൃതർ. ഏകോപനമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്ന് പരാതിയുയർന്നു. വീടുകളിൽ വെള്ളം കിട്ടാത്ത സാഹചര്യത്തിലും റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നതിന് ഒരു കുറവുമില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.