കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ തുടരുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 40 ദിവസത്തിനുള്ളിൽ പ്രവാസികളുടെ 1000 ഡ്രൈവിംഗ് ലൈസൻസുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിൻവലിച്ചു.
പ്രതിദിനം 23 ഡ്രൈവിംഗ് ലൈസൻസുകൾ ആണ് ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയതോടെ പിന്‍വലിക്കപ്പെട്ടത്. ശമ്പളം, യൂണിവേഴ്സിറ്റി ബിരുദം, തൊഴിൽ എന്നിങ്ങനെ ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ പാലിക്കാത്തത് കൊണ്ടാണ് ലൈസന്‍സുകള്‍ പിന്‍വലിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിൽ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരമാണ് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുന്നത്. ലൈസൻസ് പിൻവലിച്ച ശേഷം വാഹനമോടിക്കുന്ന പ്രവാസികളെ പിടികൂടാനും രാജ്യത്തെ നിയമം ലംഘിച്ചതിന് നാടുകടത്താനും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് ടീമുകൾക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം അനുസരിച്ച് പ്രവാസികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ കഴിയില്ല. കൂടാതെ റദ്ദാക്കിയ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാനാകില്ല.