ന്യൂലാൻഡ്സ് : ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലും ഡിആർഎസ് വിവാദം. മൂന്നാം ദിനം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാർ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ തീരുമാനം ഡിആർഎസിലൂടെ തിരുത്തപ്പെട്ടതാണ് വിവാദത്തിന് കാരണമായതെങ്കിൽ നാലാം ദിനം റാസ്സി വാൻഡെർ ദസ്സന്റെ ക്യാച്ചാണ് വിവാദമുണ്ടാക്കിയത്. നാലാം ദിനം 37-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് ഷമിയുടെ പന്തിൽ ദസ്സനെ ക്യാച്ചെടുത്തതായി ഇന്ത്യൻ താരങ്ങളുടെ അപ്പീലുയർന്നു. പക്ഷേ ഫീൽഡ് അമ്പയർ ഔട്ട് അനുവദിച്ചില്ല. ക്യാപ്റ്റൻ കോലി ഉടൻ തന്നെ റിവ്യു എടുത്തു. റീപ്ലേയിൽ പന്ത് ബാറ്റ് കടക്കുമ്പോൾ സ്നിക്കോ മീറ്ററിൽ സ്പൈക്ക് കാണിച്ചെങ്കിലും അതേസമയം തന്നെ ദസ്സന്റെ ബാറ്റ് നിലത്തുരയുന്നതും കാണാമായിരുന്നു. ഇതോടെ കൃത്യമായ തീരുമാനമെടുക്കാൻ സാധിക്കാതെ തേർഡ് അമ്പയർ ഫീൽഡ് അമ്പയറോട് തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കാനാവശ്യപ്പെടുകയായിരുന്നു.
ഇതോടെ കോലി തന്റെ അമർഷം പ്രകടിപ്പിച്ചു. ആദ്യം ഫീൽഡ് അമ്പയർ എറാസ്മസിനോട് എന്തോ പറഞ്ഞ കോലി ദസ്സനോടും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. കേപ്ടൗണിൽ മൂന്നാം ദിനം ഡീൻ എൽഗാറിന്റെ പുറത്താകൽ ഡിആർഎസിലൂടെ തിരുത്തപ്പെട്ടതിൽ കൃത്രിമമുണ്ടെന്ന ഗുരുതരമായ ആക്ഷേപമാണ് ഇന്ത്യൻ താരങ്ങൾ ഉയർത്തിയത്. മത്സരത്തിന്റെ 21-ാം ഓവറിൽ അശ്വിന്റെ പന്തിൽ എൽഗാർ വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോൾ ഓൺഫീൽഡ് അമ്പയർ ഔട്ട് വിളിച്ചു. ഇതോടെ എൽഗാർ ഡിആർഎസ് ആവശ്യപ്പെടുകയായിരുന്നു. ബോൾ ട്രാക്കിങ്ങിൽ പന്ത് സ്റ്റമ്പിന് മുകളിലൂടെ പോകുന്നതാണ് കണ്ടത്. ഇതോടെ എൽഗാറിന് ജീവൻ തിരിച്ചുകിട്ടി. ഇത് ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു. സ്റ്റമ്പ് മൈക്കിന് അടുത്തെത്തി താരങ്ങൾ പ്രതിഷേധം അറിയിച്ചു. ക്യാപ്റ്റൻ കോലി, അശ്വിൻ, രാഹുൽ എന്നിവർ ഇതിനോട് പ്രതികരിക്കുന്നത് കാണാമായിരുന്നു.