സാങ്കേതിക തകരാറിന് പിന്നാലെ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി. ഹൈദരബാദില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് മുംബൈയില്‍ ഇറക്കിയത്. 143 യാത്രക്കാരുമായി സഞ്ചരിക്കുന്നതിനിടയിലാണ് വിമാനത്തിന് സാങ്കേതിക തകരാറ് അനുഭവപ്പെട്ടത്. എയര്‍ ഇന്ത്യയുടെ എ 320 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. തകരാര്‍ പരിഹരിച്ച ശേഷം യാത്രക്കാരുമായി ഇതേ വിമാനം ദുബായിലേക്ക് തിരിച്ചതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങിയിരുന്നു. വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കി. വിമാനത്തില്‍ എങ്ങനെയാണ് പാമ്പ് എത്തിപ്പെട്ടതെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വൈകിയിരുന്നു. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും കഴിച്ചുകൂട്ടിയ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അക്ഷരാര്‍ത്ഥത്തില്‍ ദുരിത യാത്ര സമ്മാനിച്ചായിരുന്നു വിമാനക്കമ്പനിയുടെ തീരുമാനം . ഞായറാഴ്ച രാവിലെ 9.30ന് ദുബായി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന സ്‍പൈസ് ജെറ്റ് വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്.