ദുബൈ: ദുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ദുബൈ പൊലീസ് പിടിച്ചെടുത്തത് 436 കിലോഗ്രാം ലഹരിമരുന്ന്. രഹസ്യ വിവരം ലഭിച്ച് ഏഴ് മണിക്കൂറിനുള്ളില്‍ അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ ആറ് പ്രതികളെയാണ് ദുബൈ പൊലീസ് പിടികൂടിയത്.
യഥാര്‍ത്ഥത്തിലുള്ള പയറിനൊപ്പം പ്ലാസ്റ്റിക് പയറ് വര്‍ഗങ്ങളും കലര്‍ത്തി നിറച്ച 280 ബാഗുകളിലായി 5.6 ടണ്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി ദുബൈ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതികളെ പിന്തുടരുകയും അവരുടെ സങ്കേതത്തില്‍ റെയ്ഡ് നടത്തുകയുമായിരുന്നു. ഓപ്പറേഷന്‍ ലെഗ്യൂംസ് എന്ന് പേരിട്ട ഓപ്പറേഷനില്‍ 436 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് മണം പിടിച്ച് കണ്ടെത്താന്‍ കെ-9 യൂണിറ്റിന്റെ സഹായവും തേടിയിരുന്നു.
ലഹരിമരുന്ന് സംഘത്തിലെ ചിലര്‍ ദുബൈയിലും മറ്റ് ചിലര്‍ വിദേശത്തും താമസിക്കുന്നവരാണ്. പയറുവര്‍ഗങ്ങളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് ഒരു ഗോഡൗണില്‍ സൂക്ഷിക്കാനായിരുന്നു പദ്ധതി. ഈ ഗോഡൗണ്‍ പൊലീസ് റെയ്ഡില്‍ കണ്ടെത്തി. അടുത്തുള്ള രാജ്യത്തേക്ക് ലഹരിമരുന്ന് അടങ്ങുന്ന ചരക്ക് കയറ്റി അയയ്ക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം.