തിരുവനന്തപുരം: ഡിവൈഎഫ്ഐയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തീറ്റമത്സരവും കമ്പവലി മത്സരവുമാണ് ഡിവൈഎഫ്ഐ നടത്തുന്ന സാമുഹിക പ്രവര്‍ത്തനങ്ങളെന്ന് സുരേന്ദ്രന് പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയും യുവജന കമ്മീഷന്റെ കൊള്ളകളും കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ധൈര്യം പോലും ഡിവൈഎഫ്ഐക്ക് ഇല്ലെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം’ പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇപ്പോള്‍ ഡിവൈഎഫ്ഐ ആകെ ചെയ്യുന്നത് എന്താണ്? കുറേ സ്ഥലങ്ങളില്‍ ഞങ്ങള്‍ ചോറു കൊടുക്കുന്നു എന്നു പറയുന്നു. കുറേ സ്ഥലത്ത് തീറ്റ മത്സരം സംഘടിപ്പിക്കുന്നു. കമ്പവലി, തീറ്റമത്സരം, ഇതൊക്കെയാണ് ഇപ്പോള്‍ ഡിവൈഎഫ്ഐക്കാരുടെ പ്രധാന സാമൂഹിക പ്രവര്‍ത്തനം. ഇതല്ലാതെ എന്തെങ്കിലും കാര്യം അവര്‍ ചെയ്യുന്നുണ്ടോ എന്നും സുരേന്ദ്രന് ചോദിച്ചു.