ശരീരത്തിൻ്റെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ ഒരു പ്രധാന ധാതുവാണ് സിങ്ക്. രോഗപ്രതിരോധ സംവിധാനത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കാനും ഉപാപചയ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സിങ്ക് സഹായിക്കുന്നു. സിങ്ക് ചർമ്മത്തിന് ഗുണം ചെയ്യുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് സിങ്ക് ചേർക്കുന്നത് വാർദ്ധക്യസഹജമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പുരുഷന്മാർക്ക് ഒരു ദിവസം 11 മില്ലിഗ്രാം സിങ്ക് ആവശ്യമാണ്. അതേസമയം സ്ത്രീക്ക് പ്രതിദിനം 8-9 മില്ലിഗ്രാം സിങ്കാണ് ആവശ്യമാണ്. ഗർഭകാലത്ത് സ്ത്രീകൾക്ക് 11 മില്ലിഗ്രാം സിങ്ക് ശരീരത്തിലെത്തണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.
സിങ്കിന്റെ കുറവ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ…
മുറിവുകൾ പതുക്കെ ഉണങ്ങുക.
പെട്ടെന്ന് ഭാരം കുറയുക
രുചിയും മണവും ഇല്ലാതെയാവുക.
വിശപ്പില്ലായ്മ
വയറിളക്കം
മുടികൊഴിച്ചിൽ
എപ്പോഴും ക്ഷീണം അനുഭവപ്പെടുക
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ…
- ഒന്ന്…
- സിങ്ക് അടങ്ങിയ ആദ്യത്തെ ഭക്ഷണമെന്ന് പറയുന്നത് മുട്ടയാണ്. 77 കലോറി, 6 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ്, സെലിനിയം, ബി വിറ്റാമിനുകൾ എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ഒരു മുട്ടയിൽ അടങ്ങിയിരിക്കുന്നു.
- രണ്ട്…
- ബദാം, കശുവണ്ടി തുടങ്ങിയ നട്സുകൾ കഴിക്കുന്നതിലൂടെ സിങ്കിൻ്റെ ഉപഭോഗം വർദ്ധിപ്പിക്കാം. അർബുദം, ഹൃദ്രോഗം എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ നട്സ് സഹായിക്കും.
- മൂന്ന്…
- സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ചിക്കൻ. ചിക്കൻ സൂപ്പായോ ഗ്രിൽഡ് ചിക്കനായോ അല്ലെങ്കിൽ ചിക്കൻ ടിക്ക രൂപത്തിലോ കഴിക്കാവുന്നതാണ്.
- നാല്…
- തണ്ണിമത്തൻ്റെ വിത്തുകളിൽ സിങ്കും പൊട്ടാസ്യം, ചെമ്പ് എന്നിവയുൾപ്പെടെയുള്ള മറ്റ് മൈക്രോ ന്യൂട്രിയൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യം, പ്രതിരോധശേഷി എന്നിവയ്ക്ക് തണ്ണിമത്തൻ വിത്തുകൾ സഹായകമാണ്.
- അഞ്ച്…
- ചെറുപയർ, പയർ, ബീൻസ് തുടങ്ങിയ പയർവർഗങ്ങളിലും സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് പയർ.
- ആറ്…
- പാൽ ഉൽപന്നങ്ങളിൽ കാണപ്പെടുന്ന നിരവധി ധാതുക്കളിൽ ഒന്നാണ് സിങ്ക്. പാലും ചീസും ആണ് രണ്ട് പ്രധാന ഉറവിടങ്ങൾ. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
- ഏഴ്…
- ഗോതമ്പ്, ഓട്സ് തുടങ്ങിയ ധാന്യങ്ങളിൽ ചില സിങ്ക് അടങ്ങിയിരിക്കുന്നു. ധാന്യങ്ങളിൽ ഉയർന്ന ഫൈറ്റേറ്റ് അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വളരെ മികച്ചൊരു ഭക്ഷണമാണ് ധാന്യങ്ങൾ.