ദില്ലി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ശ്രീലങ്കയിലേക്ക് ഇന്ത്യ 74,000 ടൺ ഇന്ധനം എത്തിച്ചു. കൂടാതെ ഇതുവരെ ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയിലേക്ക് 2,70,000 ടണ്ണിൽ കൂടുതൽ ഇന്ധനം വിതരണം ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലങ്കയിൽ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട കടുത്ത സമ്മർദ്ദമാണ് ഉയരുന്നത്. 22 ദശലക്ഷം ജനങ്ങളുള്ള ദ്വീപ് രാഷ്ട്രം, 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
റെക്കോർഡ് പണപ്പെരുപ്പവും പവർ കട്ടുകളും സഹിതം – ഭക്ഷ്യ, ഇന്ധന, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ രൂക്ഷമായ ക്ഷാമമാണ് രാജ്യം അനുഭവിക്കുന്നത്. 2009-ലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് കരകയറിയ രാജ്യം, 2019-ൽ ഇസ്ലാമിക ബോംബാക്രമണങ്ങളാൽ ആടിയുലഞ്ഞു, കൊവിഡ് -19 വ്യാപനം സുപ്രധാന ടൂറിസം മേഖലയെ തകർത്തു. ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കൻ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവിൽ രാജ്യത്തെ കറൻസി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയിൽ ആയിരങ്ങളുടെ ജീവൻ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ മരുന്നുകൾ പോലും ശ്രീലങ്കയിൽ ഇപ്പോൾ കിട്ടാനില്ല. ധനമന്ത്രിയും കേന്ദ്രബാങ്ക് ഗവർണറും അധികാരമൊഴിഞ്ഞതോടെ സാമ്പത്തിക മേഖലയിൽ നാഥൻ ഇല്ലാത്ത അവസ്ഥയാണ്. പ്രധാന നഗരങ്ങളിലെല്ലാം ജനകീയ പ്രതിഷേധം ശക്തമാണ്.
എന്നാൽ രാജി സമ്മർദ്ദത്തിന് വഴങ്ങാൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയും പ്രസിഡന്റ് ഗോതബായ രജപക്സെയും ഇതുവരെ തയ്യാറായിട്ടില്ല. 42 എംപിമാർ ഭരണ മുന്നണി വിട്ടതോടെ രജപക്സെ സഹോദരന്മാർ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ രാജി ആവശ്യം സർക്കാർ തള്ളി.