ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റിനു മുന്നോടിയായി 2021-22ലെ സാമ്പത്തിക സര്‍വേ നാളെ പാര്‍ലമെന്റില്‍ വയ്ക്കും. വരുന്ന സാമ്പത്തിക വര്‍ഷം 9% വളര്‍ച്ച പ്രവചിച്ചേക്കുമെന്നാണു സൂചന. പരമ്പരാഗതമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് സാമ്പത്തിക സര്‍വേയുടെ ശില്‍പി. എന്നാല്‍ ഇത്തവണ പദവി ഒഴിഞ്ഞുകിടന്നതിനാല്‍ പ്രിന്‍സിപ്പല്‍ ഇക്കണോമിക് അഡൈ്വസറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി.അനന്ത നാഗേശ്വരനെ നിയമിച്ചത്. സര്‍വേ അവതരിപ്പിച്ച ശേഷം നാളെ വൈകിട്ട് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തും. മോദി സര്‍ക്കാരിന്റെ ആദ്യ സാമ്പത്തിക സര്‍വേയും സമാനമായ രീതിയില്‍ പ്രിന്‍സിപ്പല്‍ ഇക്കണോമിക് അഡൈ്വസര്‍ ഇള പട്നായിക്കാണ് തയാറാക്കിയത്. അന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. 11% വളര്‍ച്ച യാണ് കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രവചിച്ചത്.