ന്യൂഡൽഹി: ഡൽഹി മന്ത്രി സത്യേന്ദർ ജെയിനുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 2 കോടി രൂപയും 1.8 കിലോ സ്വർണവും പിടിച്ചെടുത്തു. രാം പ്രകാശ് ജ്വല്ലേഴ്സിന്റെ സ്ഥാപനങ്ങളിൽ നിന്നാണ് 2.23 കോടി രൂപ പിടിച്ചെടുത്തത്.
വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ, നവീൻ െജയിൻ എന്നിവരാണ് രാം പ്രകാശ് ജ്വല്ലേഴ്സിന്റെ ഡയറക്ടർമാർ. ഇവർ മുഖേനയാണ് സത്യേന്ദർ ജെയിൻ കള്ളപ്പണ ഇടപാടുകൾ നടത്തിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. സത്യേന്ദർ ജെയിന്റെ വസതിയിലുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തി.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്നു കള്ളപ്പണ ഇടപാടു നടത്തിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് സത്യേന്ദറിന്റെ 4.81 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. നാലു കമ്പനികളിൽ നിന്നായി കോടികൾ കൈപ്പറ്റിയതിന്റെ ഉറവിടം വ്യക്തമാക്കാൻ സത്യേന്ദറിനു കഴിഞ്ഞില്ലെന്ന് ഇഡി അറിയിച്ചു. സത്യേന്ദർ ജൂൺ ഒന്നു മുതൽ 9 വരെ ഇഡി കസ്റ്റഡിയിലാണ്.
അതേസമയം, സത്യേന്ദർ ജെയിനിനെ കേന്ദ്ര സർക്കാർ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കാരണങ്ങളാലാണ് ഇഡി സത്യേന്ദർ ജെയിനെ ലക്ഷ്യമിട്ടതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.