ദില്ലി : രാജസ്ഥാനിൽ കോൺഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രാജസ്ഥാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുകയാണ്. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്റയുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. സ്വതന്ത്ര എംഎൽഎ ഓം പ്രകാശ് ഹുഡ്‌ലയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്ന് ഇഡി വ്യക്തമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിനും ഇഡി സമൻസ് അയച്ചു. ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് നിർദ്ദേശം.
രാജസ്ഥാനിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. സ്ത്രീകള്‍ക്കായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇഡി നടപടിയെന്ന് മുഖ്യമന്ത്രി ഗെലോട്ട് ആരോപിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ്വാഗ്ധാനം പ്രഖ്യാപിച്ചതിന്,പിന്നാലെ ഇന്ന് ഇഡി നടപടി തുടങ്ങി. രാജസ്ഥാനിൽ വനിതകള്‍ക്കും പാവപ്പെട്ടവര്‍ക്കും കോണ്‍ഗ്രസ് പദ്ധതികള്‍ കൊണ്ട് ഗുണമുണ്ടാകരിക്കാനാണ് ബിജെപി നീക്കമെന്നും ഗെലോട്ട് കുറ്റപ്പെടുത്തി. അന്വേഷണ ഏജന്‍സികളെ തെരഞ്ഞെടുപ്പില്‍ ദുരുപയോഗിക്കുന്നതിനെതിരെ അശോക് ഗെലോട്ട് വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഇഡി നടപടിയെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.