തിരുവനന്തപുരം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ഉയർന്ന വിജയം കേരളത്തിന്. പത്താംതരത്തിൽ തമിഴ്നാടിന് പിറകിലായി കേരളത്തിന് രണ്ടാം സ്ഥാനമാണ്. 10ലും 12ലും മേഖലാടിസ്ഥാനത്തിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലക്കാണ് ഒന്നാം സ്ഥാനം.
12ാം തരത്തിൽ കേരളത്തിൽനിന്ന് 39,824 പേർ പരീക്ഷയെഴുതിയതിൽ 39,789 പേർ വിജയിച്ചു. 99.91 ശതമാനം വിജയം നേടിയാണ് കേരളം സംസ്ഥാനാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. 99.15 ശതമാനം വിജയമുള്ള തെലങ്കാനയാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ നൂറു ശതമാനം വിജയമുള്ള ലക്ഷദ്വീപാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിൽ പരീക്ഷയെഴുതിയ 19,567 ആൺകുട്ടികളിൽ 19,542 പേരും (99.87 ശതമാനം) 20,257 പെൺകുട്ടികളിൽ 20,247 പേരും (99.95 ശതമാനം) വിജയിച്ചു. തിരുവനന്തപുരം മേഖലയിൽ നിന്ന് 39,837 പേർ പരീക്ഷയെഴുതിയതിൽ 39,802 പേർ (99.95 ശതമാനം) വിജയിച്ചു. ഇതിൽ 19,548 പേർ ആൺകുട്ടികളും 20,254 പേർ പെൺകുട്ടികളുമാണ്.
10ാം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തുള്ള തമിഴ്നാടിന് 99.84 ശതമാനമാണ് വിജയം. കേരളത്തിന് 99.79 ശതമാനവുമാണ് വിജയം. കേരളത്തിൽനിന്ന് പരീക്ഷയെഴുതിയ 59,981 പേരിൽ 59,857 പേർ പാസായി. ഇതിൽ 29,893ആൺകുട്ടികളും 29,994 പേർ പെൺകുട്ടികളുമാണ്. ലക്ഷദ്വീപിൽ 93.68 ശതമാനമാണ് വിജയം. മേഖലാടിസ്ഥാനത്തിൽ തിരുവനന്തപുരത്തിന് 99.75 ശതമാനമാണ് വിജയം. 60,424 പേർ പരീക്ഷയെഴുതിയതിൽ 60,272 പേർ വിജയിച്ചു.