തിരുവനന്തപുരം : അടിമുടി തലമുറ മാറ്റത്തിന് ഒരുങ്ങി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, പി.എ.മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്‍, പി.കെ.ബിജു, കെ.കെ.ജയചന്ദ്രന്‍ പുത്തലത്ത് ദിനേശന്‍ എന്നിവര്‍ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി.
ഇവരെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, തോമസ് ഐസക്, എ.കെ.ബാലന്‍, ടി.പി.രാമകൃഷ്ണന്‍, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തി.ചെറുപ്പാക്കരെ കൂടുതലായി പാര്‍ട്ടിയുടെ ചുമതലയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എം.സ്വരാജിനേയും മന്ത്രി മുഹമ്മദ് റിയാസിനേയും സെക്രട്ടേറിയറ്റിലേക്കെത്തിച്ചത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും സെക്രട്ടേറിയറ്റിലെത്തി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുത്തലത്തിനെ സെക്രട്ടേറിയറ്റിലുള്‍പ്പെടുത്തിയതെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്നുള്ള മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്റെ ഒഴിവിലേക്കാണ് ആനാവൂര്‍ നാഗപ്പനെ ഉള്‍പ്പെടുത്തിയത്.