കെന്‍റക്കിയിലെ ഒരു സ്‌കൂളില്‍ നിന്ന് കിട്ടിയ സ്‌ട്രോബെറി കഴിച്ച് എട്ട് വയസുകാരൻ മരിച്ചു. സ്‌കൂൾ ഫണ്ട് ശേഖരണത്തിൽ നിന്ന് സ്‌ട്രോബെറി കഴിച്ച് കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 6:30 ഓടെയാണ് കുട്ടിയില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതും മരണത്തിന് കീഴടങ്ങുന്നത്. കുട്ടി വ്യാഴാഴ്‌ച രാത്രി ഹൈസ്‌കൂൾ ഫണ്ട് ശേഖരണത്തിൽ നിന്ന് നിരവധി സ്‌ട്രോബെറികൾ കഴിച്ചിരുന്നതായി മാതാപിതാക്കൾ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
വ്യാഴാഴ്ച തന്നെ കുട്ടിക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. മാതാപിതാക്കൾ എന്തോ മരുന്ന് നല്‍കിയെങ്കിലും രോഗലക്ഷണങ്ങൾ വഷളായതിനെത്തുടർന്ന്, കുടുംബം രാത്രി 10:30 ഓടെ കുട്ടിയെ പ്രാദേശിക എമർജൻസി റൂമിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ സ്‌കൂളിൽ പോകാനായി കുട്ടിയെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസ് അധികൃതരെ വിളിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഒറ്റപ്പെട്ട അലർജി പ്രതികരണമാണ് മരണത്തിന് കാരണമെന്നാണ് ഹോപ്കിൻസ് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് പറഞ്ഞത്.
ഇതൊരു പ്രാഥമിക റിപ്പോർട്ടാണെന്നും അതിനാൽ തല്‍ക്കാലം മാത്രം സ്ട്രോബെറി കഴിക്കരുതെന്ന് മെഡിക്കൽ എക്സാമിനർ ഡോ. ക്രിസ്റ്റഫർ കീഫർ മുന്നറിയിപ്പ് നല്‍കി. കുട്ടിക്ക് സ്ട്രോബെറിയോട് നേരത്തെ അലർജി ഉണ്ടായിരുന്നോ എന്ന കാര്യമൊന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ജ്യൂസി ഫ്രൂട്ട് എൽഎൽസി, സതേൺ ഗ്രൗൺ, സൈസ്‌മോർ ഫാംസ് എന്നിവർ ചേർന്നാണ് ഈ സ്ട്രോബെറികള്‍ വിതരണം ചെയ്തത്. നിലവിൽ, പൊതുജനാരോഗ്യ വകുപ്പ് പരിസ്ഥിതി വിദഗ്ധർ സ്ട്രോബെറിയുടെ സാമ്പിളുകൾ സംസ്ഥാന ലാബിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.