റിയാദ്: ഹജ്ജ് കഴിഞ്ഞതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര തുടങ്ങി. യാത്രാനടപടികൾ എളുപ്പമാക്കാൻ സൗദി പാസ്‍പോർട്ട് വകുപ്പ് വിപുലമായ ഒരുക്കമാണ് രാജ്യത്തെ വിവിധ വായു, കര, കടൽ പോർട്ടുകളിൽ പൂർത്തിയാക്കിയിരിക്കുന്നത്. സ്വന്തം നാടുകളിലേക്ക് മടങ്ങാനെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ പ്രവേശ കവാടങ്ങൾ സജ്ജമായതായി സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
തീർഥാടകർക്ക് എളുപ്പത്തിൽ പുറപ്പെടുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നതിനും ആധുനിക സുരക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെ മുഴുവൻ സാങ്കേതിക സംവിധാനവും ഉദ്യോഗസ്ഥരും സജ്ജമാണെന്ന് ഡയറക്ട്രേറ്റ് വ്യക്തമാക്കി. ഭൂരിപക്ഷം തീർഥാടകരുടെയും മടക്കയാത്ര വിമാന മാർഗമാണ്. വരും ദിവസങ്ങളിൽ വിമാനയാത്രാ രംഗത്തുണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ സിവിൽ ഏവിയേഷനും വിമാനത്താവളത്തിലെ സേവന കമ്പനികളും ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്.
സൗദി പാസ്‍പോർട്ട് മേധാവി ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്‌യ ജിദ്ദ വിമാനത്താവളത്തിലെത്തി ഹജ്ജ് ടെർമിനുകളിൽ തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഒരുക്കിയ സേവനങ്ങൾ പരിശോധിച്ചു. ജിദ്ദ വിമാനത്താവളത്തിൽ പാസ്‌പോർട്ട് വകുപ്പ് തീർഥാടകരുടെ യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാനുഷികവും സാങ്കേതികവുമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അൽയഹ്‌യ പറഞ്ഞു.