കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി തീവ്രവാദ ചിന്തകളിൽ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് എഡിജിപി എം ആർ അജിത്‌കുമാർ പറഞ്ഞു. പ്രതി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനാണെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധം ഉൾപ്പെടെ കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണ്.
സക്കീർ നായിക്കിനെപ്പോലുള്ളവരുടെ ആക്രമണോത്സുക വീഡിയോകൾ സ്ഥിരമായി കാണുന്ന ശീലമുണ്ട്. കുറ്റകൃത്യം ചെയ്‌തതായും സമ്മതിച്ചിട്ടുണ്ട്. അത് ശരിവയ്‌ക്കുന്ന തെളിവുകളും അന്വേഷകസംഘം ശേഖരിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് കേരളത്തിലെത്തിയത്. അന്വേഷണത്തിൽ കണ്ടെത്തിയ ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തിയത്. ആസൂത്രണത്തിലൂടെയാണ് ട്രെയിനിൽ പെട്രോളൊഴിച്ച് തീവച്ചത്. ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷകസംഘത്തിന് പുറമെ സംസ്ഥാന ഏജൻസികളും കേന്ദ്ര ഏജൻസികളും കൈകോർത്താണ് അന്വേഷണം.
കേരളത്തിൽ എത്തിയശേഷം പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ഡൽഹിയിൽനിന്ന് പുറപ്പെട്ടതുമുതൽ രത്‌നഗിരിയിൽ എത്തിയതുവരെയുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തിയതുകൊണ്ട് കേസ് എൻഐഎ ഏറ്റെടുക്കണമെന്നില്ല. പല കേസുകളും സംസ്ഥാന ഏജൻസി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.