ദില്ലി : ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. പ്രീ-പാൻഡെമിക് തലത്തിലേക്ക് ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിക്കുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം മുതൽ ശമ്പളത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നും എയർ ഇന്ത്യ അറിയിച്ചു. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം 55 ശതമാനം വെട്ടികുറച്ചിരുന്നു. രാജ്യത്ത് കോവിഡ് -19 കേസുകൾ കുറയുന്ന സാഹചര്യത്തിലും വ്യോമയാന മേഖല തകർച്ചയിൽ നിന്നും സാധാരണ നിലയിലേക്ക് എത്താൻ തുടങ്ങിയതുമാണ് ജീവനക്കാരുടെ ശമ്പളം പഴയ നിലയിലേക്ക് മാറ്റാൻ കാരണം. 2022 ഏപ്രിൽ 1 മുതൽ പഴയ ശമ്പളം നൽകി തുടങ്ങുമെന്ന് പ്രസ്താവനയിൽ കമ്പനി പറഞ്ഞു.
കോവിഡ് ബാധിച്ച കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വന്ന യാത്ര നിയന്ത്രണങ്ങൾ ഇന്ത്യൻ വ്യോമയാന മേഖലയെ മോശമായി ബാധിച്ചിരുന്നു. അതിനാൽ തന്നെ ഇന്ത്യയിലെ എല്ലാ എയർലൈനുകളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. പൈലറ്റുമാരുടെ ഫ്ലയിംഗ് അലവൻസ്, പ്രത്യേക ശമ്പളം, വൈഡ് ബോഡി അലവൻസ് എന്നിവ യഥാക്രമം 35 ശതമാനവും 40 ശതമാനവും 40 ശതമാനവുമായി എയർ ഇന്ത്യ വെട്ടികുറച്ചിരുന്നു. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ പൈലറ്റുമാരുടെ ഫ്‌ളൈയിംഗ് അലവൻസ്, സ്‌പെഷ്യൽ പേ, വൈഡ് ബോഡി അലവൻസ് എന്നിവ യഥാക്രമം 20 ശതമാനം, 25 ശതമാനം, 25 ശതമാനം എന്നിങ്ങനെയായി പുനഃസ്ഥാപിക്കും എന്ന് പ്രസ്താവനയിൽ പറയുന്നു. പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും മറ്റ് ജീവനക്കാർക്കും നൽകുന്ന അലവൻസുകളും മാറ്റം ഉണ്ടാകുകയില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.