തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം ഇ.ടി.എസ്.ബി (എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക്) അക്കൗണ്ടിൽ. ശമ്പളം മുടങ്ങാൻ കാരണം ഖജനാവിൽ ആവശ്യത്തിനു പണമില്ലാത്തതു തന്നെ. 4,000 കോടിയാണ് കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ മാസം അവസാനം കിട്ടിയത്. ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായിരുന്നു ഓടിക്കൊണ്ടിരുന്നത്. 14 ദിവസത്തെ ഒ.ഡി പരിധിയും തീര്‍ന്ന് അവസാന മണിക്കൂറുകളിൽ പോകുമ്പോഴാണ് ആശ്വാസമായി കേന്ദ്രത്തിൽ നിന്ന് 4,000 കോടി എത്തിയത്.
പണം പരമാവധി സമയം ട്രഷറിയിൽ നിലനിര്‍ത്തുന്നതിന് തോമസ് ഐസക് ധനമന്ത്രിയിരുന്നപ്പോഴാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഇ.ടി.എ.സ്ബി അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്തു. ജീനവക്കാര്‍ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ തുക കാണാനും കഴിയും. പക്ഷെ അക്കൗണ്ട് മൊത്തത്തിൽ മരവിപ്പിച്ച് നിര്‍ത്തിയതിനാൽ ഈ തുക എടുത്ത് ഉപയോഗിക്കാൻ കഴിയില്ല. ബാങ്കിലേക്ക് മാറില്ല , ഓൺലൈൻ ഇടപാടുകൾ നടക്കുകയും ഇല്ല. മാത്രമല്ല ഇത്രയും പണം ട്രഷറി ബാലൻസിൽ തുടരുന്ന അവസ്ഥയും ഉണ്ടാകും.
ഫെബ്രുവരിയിൽ 1,600 കോടിയുടെ ഓവർ ഡ്രാഫ്റ്റിലായിരുന്നു കേരളം. ഈ പരിധി കഴിഞ്ഞതോടെ റിസർവ്വ് ബാങ്കിന്റെ സഹായവും വാങ്ങി. അതുകൊണ്ട് തന്നെ ഫെബ്രുവരി 29ന് അക്കൗണ്ടിലെത്തിയ 4,000 കോടിയുടെ ഗുണം ശമ്പള വിതരണത്തിൽ പ്രതിഫലിച്ചില്ല. ഒഡിയായും റിസർവ് ബാങ്കിൽ നിന്നും എടുത്ത തുക അഡ്ജസ്റ്റ് ചെയ്തപ്പോൾ ഖജനാവിൽ ബാക്കിയായത് 1,000 കോടിയോളം മാത്രം. ഇതുപയോഗിച്ച് ശമ്പളവും പെൻഷനും കൊടുത്തു തീർക്കാൻ കഴിയില്ല. ഇതോടെയാണ് തന്ത്രപരമായ നിയന്ത്രണം വന്നത്.
ശമ്പളം വിതരണം ചെയ്‌തെന്നു വരുത്താനായി ജീവനക്കാരുടെ ഇ.ടി.എസ്.ബി (എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക്) അക്കൗണ്ടിൽ പണം ശമ്പളം നിക്ഷേപിച്ചെങ്കിലും ഇതിൽനിന്നു പിൻവലിക്കാനോ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനോ കഴിയാത്ത തരത്തിൽ അക്കൗണ്ട് മരവിപ്പിച്ചു. കേരളത്തിലെ ജീവനക്കാരിൽ 98 ശതമാനവും ബാങ്കുകളിലൂടെയാണ് ശമ്പളം വാങ്ങുന്നത്.