കൊൽക്കത്ത ∙ അധ്യാപക നിയമന അഴിമതിക്കേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കോടതിയുടെ അനുമതി നേടി ചോദ്യം ചെയ്യാനാണ് നീക്കം. കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ തൃണമൂൽ എംഎൽഎ മണിക് ഭട്ടാചാര്യയുടെ വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ മുഖ്യമന്ത്രിയുടെ ഒട്ടേറെ ശുപാർശക്കത്തുകൾ ഉണ്ടായിരുന്നതായി ഒരു ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗാൾ പ്രൈമറി സ്കൂൾ കൗൺസിൽ പ്രസിഡന്റായിരുന്ന ഭട്ടാചാര്യ കഴിഞ്ഞ 8 വർഷത്തിനിടെ 53,000 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ഓരോന്നിനും 6–8 ലക്ഷം രൂപ വീതം വാങ്ങിയതായി ആരോപണമുണ്ട്.
ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജി, ഭട്ടാചാര്യയ്ക്ക് അയച്ച വാട്സാപ് സന്ദേശങ്ങൾ ഇഡി വീണ്ടെടുത്തിട്ടുണ്ട്. ഭട്ടാചാര്യ പാർഥയ്ക്ക് അയച്ച സന്ദേശങ്ങളിൽ ‘ഡിഡി’, ‘ആർകെ’ എന്നിവർക്ക് പണം കൈമാറിയതായി പറയുന്നുണ്ട്. മമതയെ ചോദ്യംചെയ്യാൻ കോടതി അനുമതി നൽകിയാൽ അത് തൃണമൂൽ കോൺഗ്രസിന് കനത്ത ആഘാതമാകും. ബംഗാളിലേക്ക് കൂടുതൽ കേന്ദ്രസേനയെ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.