ഹൈദരാബാദ്: രാംഗോപാൽ വർമ്മയുടെ ആന്ധ്രപ്രദേശ് രാഷ്ട്രീയം പറയുന്ന തെലുങ്ക് ചിത്രമായ ‘വ്യൂഹം’ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷ്. തെലങ്കാന ഹൈക്കോടതിയിലാണ് ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ കൂടിയായ നര ലോകേഷ് ഹർജി നൽകിയത്. ഡിസംബർ 29നാണ് വ്യൂഹത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ചിത്രമാണ് വ്യൂഹം. ‘വ്യൂഹം’ എന്ന ചിത്രത്തിന് ലഭിച്ച സെൻസർ സർട്ടിഫിക്കറ്റ് നിയമന് വിരുദ്ധമാണെന്നാണ് ലോകേഷ് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിനേയും തെലുങ്കുദേശത്തേയും അപകീർത്തിപ്പെടുത്താനാണ് ചിത്രം നിർമ്മിച്ചതെന്ന് ലോകേഷ് പറയുന്നുണ്ട്. കോടതി തീയറ്റര്‍ റിലീസ് തടഞ്ഞാല്‍ ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ലോകേഷ്, അത്തരമൊരു സാധ്യത തടയാൻ സിവിൽ കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.
രാം ഗോപാൽ വർമ്മ ടിഡിപിക്കും ചന്ദ്രബാബു നായിഡുവിനുമെതിരെ സിനിമകൾ നിർമ്മിക്കുന്നത് എന്തിനാണെന്ന് നാരാ ലോകേഷ് ചോദിച്ചു.
നേരത്തെ വ്യൂഹം നവംബർ 10 ന് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സെൻസർ ബോർഡ് ചിത്രം റിവിഷൻ കമ്മിറ്റിക്ക് അയച്ചതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റുകയായിരുന്നു. അതേ സമയം രാഷ്ട്രീയം പറയുന്ന സിനിമ ആയതിനാല്‍ സെന്‍സറിന് സമയം എടുക്കും എന്ന് വാര്‍ത്ത സമ്മേളനം വിളിച്ച് അന്ന് രാം ഗോപാല്‍ വര്‍മ്മ തന്നെ സെന്‍സര്‍ വൈകിയതില്‍ വിശദീകരണം നല്‍കിയിരുന്നു.
ചിത്രത്തില്‍ മലയാള നടന്‍ അജ്മല്‍ അമീറാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷം ചെയ്യുന്നത്. കോ അടക്കം ശ്രദ്ധേയമായ ചിത്രങ്ങളില്‍ വേഷം ചെയ്ത അജ്മല്‍ കരിയറിലെ തന്നെ മികച്ച വേഷമാണ് ഇതെന്നാണ് അവകാശപ്പെടുന്നത്.
അതേ സമയം ജൂണ്‍ മാസത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ നേരിട്ട് കണ്ട് ചിത്രത്തെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ ചര്‍ച്ച നടത്തിയെന്നാണ് വിവരം. അതിന് പിന്നാലെ ചിത്രത്തിലെ ചില ഫോട്ടോകളും രാം ഗോപാല്‍ വര്‍മ്മ പുറത്തുവിട്ടിരുന്നു. മലയാളിയായ മാനസ രാധാകൃഷ്ണനാണ് ചിത്രത്തില്‍ ജഗന്‍റെ ഭാര്യയുടെ റോള്‍ ചെയ്യുന്നത്.
2024 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ജഗന്‍റെ പ്രചരണത്തിന്‍റെ ഭാഗമാണ് ചിത്രം എന്നാണ് ഉയരുന്ന ആരോപണം. നേരത്തെ തന്നെ ജഗനുമായി അടുത്ത വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ്മ. ആന്ധ്രയിലെ പ്രധാന പ്രതിപക്ഷ കക്ഷി ടിഡിപിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ്മ. 2019 ല്‍ ടിഡിപി സ്ഥാപക നേതാവും സൂപ്പര്‍ താരവുമായി എന്‍ടിആറും ലക്ഷ്മി പാര്‍വ്വതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ‘ലക്ഷ്മിയുടെ എന്‍ടിആര്‍’ എന്ന പടം രാം ഗോപാല്‍ വര്‍മ്മ പിടിച്ചിരുന്നു.