തിരുവനന്തപുരം: ഇപി ജയരാജൻ മുഖ്യമന്ത്രിയുടെ ദല്ലാൾ എന്ന് പരിഹസിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എം എം ഹസ്സന്‍. മുഖ്യമന്ത്രിയുടെ ദല്ലാളായാണ് ഇപി ജാവദേക്കറിനെ കണ്ടത്. ഇപ്പോൾ പിണറായി ഇപിയെ ബലിയാടാക്കാനാണ് ശ്രമിക്കുന്നത്. ജയരാജനെ പാപിയാക്കിയത് മുഖ്യമന്ത്രിയാണ് എന്നും എം എം ഹസ്സൻ ആരോപിച്ചു. ചർച്ച നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇപി ജയരാജനെ ബലിയാടാക്കി തടി തപ്പാനാണ് ഇപ്പോൾ പിണറായി വിജയൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇതിൽനിന്ന് കൈകഴുകാൻ ആകില്ല. തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് ദുർഭരണത്തിനെതിരായുള്ള താക്കീത് തന്നെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 20 സീറ്റിലും യുഡി എഫിന് വിജയം ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് എം എം ഹസ്സൻ പറഞ്ഞു. ഫീൽഡ് റിപ്പോർട്ട് അനുസരിച്ച് കണക്കാണിത്. 20/20 ഗ്യാരൻ്റി വരും. എല്ലാ മണ്ഡലങ്ങളിലും ഇരട്ട വോട്ട് വ്യാപകമായിരുന്നു എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. വോട്ടെടുപ്പില്‍ തുടക്കം മുതലേ താളപ്പിഴയുണ്ടായി. വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ല. വ്യാപകമായി യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രം സജ്ജീകരിച്ചതില്‍ പാകപ്പിഴയുണ്ടായെന്നും വിമര്‍ശനമുണ്ട്. ഇത് ബോധപൂര്‍വ്വമാണോയെന്ന് പരിശോധിക്കണമെന്ന് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു.