തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആവർത്തിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തന്റെ തിരക്കഥയാണ് എ കെ ജി സെന്റർ ആക്രമണമെന്ന കെ സുധാകരന്റെ ആരോപണത്തെ പരിഹസിച്ച് തളളുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സമയത്ത് കോൺഗ്രസ് ആക്രമിക്കില്ലെന്ന വാദത്തിന് അടിസ്ഥാനമില്ല. അവർ അങ്ങനെ കരുതിയാകും അക്രമം നടത്തിയത്. ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. സി പി എം പ്രതിഷേധത്തിൽ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.എ കെ ജി സെന്റർ ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് സി പി എം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.
എകെജി സെന്ററിനെതിരെ നടന്നത് ബോബേറാണ്. ഈ ബോംബെറ് ആസൂത്രിതമാണ്. ഇതിന പിന്നിൽ കോൺഗ്രസുകാരാണ്. എകെജി സെന്ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് ഇന്നലെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ്. വിമാനത്തിൽ കണ്ടതും ഈ തരത്തിലുള്ള പ്രതിഷേധം ആണെന്നും ഇ പി ജയരാജൻ പ്രതികരിച്ചിരുന്നു.