തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തിന് വേണ്ട പദ്ധതിയാണ്. പദ്ധതിയില്‍ നിന്ന് പിൻമാറുന്നു എന്ന സൂചന നൽകിയിട്ടില്ലെന്ന് പറഞ്ഞ ഇ പി ജയരാജന്‍, വികസനത്തിന്‍റെ വഴി മുടക്കാം എന്ന് ചിലർ ചിന്തിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി. തൃക്കാക്കര തെരഞ്ഞെടുപ്പും സിൽവർ ലൈനുമായി ബന്ധമില്ലെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഏതിനും എന്തിനും വിമർശിക്കുന്ന പ്രവണത ചിലര്‍ക്കുണ്ടെന്നും പ്രക്ഷോഭങ്ങളെ സർക്കാർ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ വിശ്വാസത്തെയെടുത്ത് മുന്നോട്ട് പോകും ഇ പി വ്യക്തമാക്കി.
ബജറ്റിന് പുറത്ത് പണം കണ്ടെത്തിയാണ് കേരളത്തിൽ ഇടതുമുന്നണിയുടെ വികസന നയം നടപ്പാക്കുന്നതെന്ന് പറഞ്ഞ ഇ പി ജയരാജന്‍, കേന്ദ്ര നിലപാട് അതിന് തിരിച്ചടിയാണെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കുന്നു. കിഫ്ബിയെ തകർക്കാൻ ഇഡിയെ കൊണ്ട് ശ്രമിക്കുകയാണെന്നും സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് ദുർബലമായത് കൊണ്ടാണ് മുന്നണി വിപുലീകരണം ചർച്ചയാകുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എൽഡിഎഫിനെ പ്രതിരോധിക്കാൻ ശക്തിയില്ലെന്നും വന്ന് സഹായിക്കണം എന്ന് പറയും പോലെയാണ് ചിന്തൻ ശിബിറിലെ നിലപാടെന്നും ഇ പി പരിഹസിച്ചു.