തിരുവനന്തപുരം: ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍. ഇത്തരം പരിപാടികളില്‍ വ്യത്യസ്ത ചേരിയിലുള്ളവര്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നതും നിരീക്ഷിക്കുന്നതും അഭിപ്രായം പറയുന്നതും ഔചിത്യമില്ലായ്മയാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. എല്ലാ ആഘോഷങ്ങളും പരിപാടികളും ഇത്തരത്തിലാണ് കേരളത്തില്‍ നടക്കുന്നത്. അതാണ് നമ്മുടെ സംസ്‌കാരം. അവിടെ മതവും രാഷ്ട്രീയവും ഒന്നും ഘടകമേ അല്ല. പ്രതിപക്ഷ നേതാവും കുഞ്ഞാലിക്കുട്ടിയും എല്ലാം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് അവരുടെ രാഷ്ട്രീയ നിലപാട് മാറിപ്പോകും എന്നാണോ പ്രേമചന്ദ്രന്‍ ചിന്തിക്കുന്നത്. എത്ര ഇടുങ്ങിയ ചിന്താഗതിയാണതെന്നും ഇപി ജയരാജന്‍ ചോദിച്ചു.
പൊതുസമൂഹവുമായി ബന്ധമില്ലാതെ ഇരുട്ടറയില്‍ കഴിയേണ്ടവരല്ല നീതിന്യായ വകുപ്പിലുള്ളവരെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ഒരോ ചലനങ്ങളും അറിയുകയും മനസിലാക്കുകയും ജനങ്ങളുമായി സംബന്ധിക്കുന്നവരുമായിരിക്കണം നീതിന്യായ രംഗത്തുള്ളവരും. അവര്‍ വിവാഹം, ചരമം, മറ്റു ചടങ്ങുകള്‍ എന്നിവയിലെല്ലാം പങ്കെടുത്താല്‍ അതിനെ ഇടുങ്ങിയ മനസുമായി കാണാന്‍ പ്രേമചന്ദ്രനപ്പോലെയുള്ള ഇടുങ്ങിയ മനസുള്ള യുഡി.എഫിലെ ചില നേതാക്കള്‍ക്ക് മാത്രമേ കഴിയൂയെന്നും ഇപി ജയരാജന്‍ പറഞ്ഞു.